Elon Musk | Photo: Gettyimages
ഇലോണ്‍ മസ്കിന്റെ മകന് സേവിയര്‍ അലക്സാണ്ടര്‍ മസ്ക് നിയമപരമായി തന്റെ പേരും ലിംഗവും മാറ്റാനുള്ള അപേക്ഷ നല്കി. തന്റെ യഥാര്‍ഥ പിതാവുമായി യാതൊരു വിധത്തിലുമുള്ള ബന്ധവും വേണ്ടെന്നാണ് അവര്‍ പറയുന്നത്. താനൊരു പെണ്ണായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നക് എന്നും അവര്‍ പറഞ്ഞു. വിവിയന്‍ ജെന്ന വില്‍സണ്‍ എന്നാണ് പുതിയ പേര്.
സാന്റ മോണികയിലെ ലോസ് ആഞ്ജലിസ് കൗണ്ടി സുപ്പീരിയര്‍ കോടതിയിലാണ് ഇവര്‍ പേര് മാറ്റുന്നതിനും പുതിയ ജനന സര്‍ട്ടിഫിക്കറ്റിനുമുള്ള അപേക്ഷ നല്‍കിയത്.
ഏപ്രിലില്‍ തന്നെ ഈ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത്. ഇലോണ്‍ മസ്കും ഇവരും തമ്മിലുള്ള ഭിന്നതയുടെ കാരണം വ്യക്തമല്ല. ഇലോണ്‍ മസ്ക് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
കനേഡിയന്‍ എഴുത്തുകാരിയായ ജസ്റ്റിന് വില്‍സണ്‍ ആണ് വിവിയന്റെ അമ്മ. 2000 ല്‍ ആണ് ഇലോണ്‍ മസ്ക് ജസ്റ്റിനെ വിവാഹം ചെയ്തത്. 2008 ല്‍ ഇവര്‍ വിവാഹമോചിതരായി.
2002 ലാണ് ഇരുവരുടേയും ആദ്യ പുത്രന് നേവാഡ ജനിച്ചത്. എന്നാല്‍ ഈ കുഞ്ഞ് പത്ത് ആഴ്ച മാത്രമേ ജീവിച്ചിരുന്നുള്ളു. പിന്നീടാണ് ഇരുവര്‍ക്കും സേവിയര്‍, ഗ്രിഫിന് എന്നീ ഇരട്ടക്കുട്ടികളും പിറന്നത്. പിന്നീട് ഇവര്‍ക്ക് ഒരു പ്രസവത്തില്‍ തന്നെ ഡാമിയന്‍, കായ്, സാക്സണ്‍ എന്നീ മൂന്ന് ആണ് മക്കളും പിറന്നു.
ഗായികയായ ഗ്രിംസില്‍ ഇലോണ്‍ മസ്കിന് X Æ A-Xii, എക്സ ഡാര്‍ക്ക് സിഡാറിയല് (Exa Dark Sideræl) എന്നീ രണ്ട് മക്കളുമുണ്ട്. ഗ്രിംസിനെ മസ്ക് വിവാഹം ചെയ്തിരുന്നില്ല.
ഇലോണ്‍ മസ്കിന് വലിയ പ്രശസ്തിയുണ്ടെങ്കിലും അദ്ദേഹത്തിന്റെ മക്കള്‍ക്കാര്‍ക്കും ആ പ്രശസ്തിയില്ല. വിചിത്രമായ പേരുകള്‍ കൊണ്ട് ഗ്രിംസിലുണ്ടായ മക്കള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ഇക്കഴിഞ്ഞ പിതൃദിനത്തില്‍ മക്കളെയെല്ലാം സ്നേഹിക്കുന്നുവെന്ന് ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്തിരുന്നു.
ട്രാന്‍സ് ജെന്‍ഡറുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളില്‍ അഭിപ്രായം പറയുന്ന ഇലോണ്‍ മസ്ക് പലപ്പോഴും സ്വവര്‍ഗ്ഗാനുരാഗ കാഴ്ചപ്പാടിനോട് എതിര്‍പ്പുള്ളവരുടെ കൂട്ടത്തില്‍ പെട്ടയാളാണ്.
ട്രാന്‍സ് ജെന്‍ഡര്‍, സ്വവര്‍ഗാനുരാഗ കാഴ്ചപ്പാടുകളോട് പൊതുവില്‍ എതിര്‍പ്പുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇലോണ്‍ മസ്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച സമയത്താണ് സേവിയര്‍ ലിംഗമാറ്റത്തിനും പേര് മാറ്റത്തിനുമുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്.
ജന്‍ഡര്‍ പ്രശ്നങ്ങളും ലിംഗ വൈവിധ്യങ്ങളെ കുറിച്ചും സ്കൂളുകളിലില്‍ കുട്ടികളെ പഠിപ്പിക്കുന്നത് വിലക്കുന്ന 'ഡോണ്ട് സേ ഗേ' ബില്‍ അവതരിപ്പിച്ച ഫ്ളോറിഡയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണറായ റോണ്‍ ഡിസാന്റിസിന്റെ കടുത്ത ആരാധകനാണ് ഇലോണ്‍ മസ്ക്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..