Photo:AFP
സാന്‍ഫ്രാന്‍സിസ്‌കോ: ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ് ലയുടെ തുടക്കം സബന്ധിച്ച് ബംഗളുരു സ്വദേശിയുടെ ട്വീറ്റിന് മറുപടിയുമായി ഇലോണ്‍ മസ്‌ക്. ഗ്രോത്ത് സ്‌കൂള്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ വൈഭവ് സിസിനിറ്റിയ്ക്കാണ് മസ്‌ക് മറുപടി കൊടുത്തത്.
ടെസ് ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ആയിരുന്നില്ല. അദ്ദേഹം അത് വാങ്ങിയതാണ്. ഒന്ന് ഓര്‍മപ്പെടുത്തുന്നു!' എന്നായിരുന്നു വൈഭവിന്റെ ട്വീറ്റ്.
ഇലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയാ സേവനമായ ട്വിറ്ററിനെ ഏറ്റെടുക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് വൈഭവിന്റെ ട്വീറ്റ്.
യഥാര്‍ത്ഥത്തില്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്താല്‍ അദ്ദേഹത്തിന് അതിന്റെ യഥാര്‍ത്ഥ സാധ്യത പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്ന് വൈഭവ് പറഞ്ഞു.
ഒരു കമ്പനിയുടെ നല്ലതിന് വേണ്ടത് ശക്തനായ ഒരു നേതാവിനെയാണ്. ആ സ്ഥാനത്ത് സാധാരണ കമ്പനികളുടെ സ്ഥാപകരാണുണ്ടാവുക. ട്വിറ്റര്‍ സ്ഥാപകനായ ജാക്ക് ഡോര്‍സി പുറത്തുപോയി. പകരം ഇലോണ്‍ മസ്‌കിനാവാം എന്നും വൈഭവ് ട്വീറ്റ് ചെയ്തിരുന്നു
എന്നാൽ വൈഭവിന്റെ ട്വീറ്റിന് വില്ലി വൂ എന്നയാള്‍ നല്‍കിയ മറുപടിയിങ്ങനെയാണ്.
"പ്രവര്‍ത്തന ക്ഷമമല്ലാത്ത സാങ്കേതിക വിദ്യയുള്ള ഏറെ മഹത്വവത്കരിക്കപ്പെട്ട കാര്‍നിര്‍മാതാക്കളില്‍ അദ്ദേഹം നിക്ഷേപം നടത്തി. കമ്പനി ഇല്ലാതാവുന്നതിന് മുമ്പ് അദ്ദേഹം സ്ഥാപകനെ പുറത്താക്കി. തുടര്‍ന്ന് അദ്ദേഹം ബിസിനസ്സ് മോഡല്‍ മാറ്റി, ഗണ്യമായ അളവില്‍ പണം സ്വരൂപിച്ചു, പുതിയ സാങ്കേതികവിദ്യ കെട്ടിപ്പടുത്തു, ഒരു പുതിയ വ്യവസായം സൃഷ്ടിച്ചു. അതാണ് സ്ഥാപകര്‍ ചെയ്യുന്നത്."
ഇതിന് പിന്നാലെയാണ് ഇലോണ്‍ മസ്‌കിന്റെ പ്രതികരണം വന്നത്.
"അങ്ങനെയൊന്നുമല്ല, ജീവനക്കാരോ, ഐപിയോ, ഡിസൈനുകളോ, പ്രോടോടൈപ്പുകളോ ഇല്ലാത്ത ഒരു ഷെല്‍ കോര്‍പ്പറേഷനായിരുന്നു അത്. അക്ഷരാര്‍ത്ഥത്തില്‍ എസി പ്രൊപ്പല്‍ഷന്‍ കമ്പനിയുടെ റ്റിസിറോ കാര്‍ വാണിജ്യവത്കരിക്കാനുള്ള ഒരു വാണിജ്യ പദ്ധതി മാത്രമായിരുന്നു അത്. ജെബി സ്‌ട്രോബെല്‍ ആണ് അത് എനിക്ക് മുന്നില്‍ അവതരിപ്പിച്ചത് എബര്‍ഹാര്‍ഡ് അല്ല. 'ടെസ്‌ല മോട്ടോര്‍സ്' എന്ന പേര് പോലും മറ്റുള്ളവര്‍ക്ക് സ്വന്തമാണ്."
"ഒരു ഷെൽ കോർപ്പറേഷൻ ഫയൽ ചെയ്യുന്നതാണ് 'ഒരു കമ്പനി സ്ഥാപിക്കൽ' എങ്കില്‍ ഞാൻ പേപാലിന്റെ സ്ഥാപകൻ മാത്രമേ ആവുകയുള്ളൂ. കാരണം http://X.com ന് വേണ്ടി യഥാർത്ഥ ഇൻകോർപറേഷൻ രേഖകൾ ഫയൽ ചെയ്തത് ഞാനാണ് (X.com പിന്നീട് PayPal എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). എന്നാൽ അതല്ല സ്ഥാപകന്‍ എന്നതിന്റെ അർത്ഥം."
ടെസ് ല എന്ന കമ്പനി ഇലോണ്‍ മസ്‌ക് വാങ്ങുകയാണുണ്ടായത് എന്ന ധാരണ തിരുത്തുകയായിരുന്നു അദ്ദേഹം.
മാര്‍ട്ടിന്‍ എബര്‍ഹാര്‍ഡ്, മാര്‍ക് ടാര്‍പെനിങ് എന്നിവര്‍ ചേര്‍ന്നാണ് ടെസ് ല മോട്ടോര്‍സ് എന്ന കമ്പനിയ്ക്ക് തുടക്കമിട്ടത് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ തങ്ങള്‍ വരുന്നത് വരെ അത് ടെസ് ല മോട്ടോര്‍സ് ആയിരുന്നില്ലെന്നും. എസി പ്രൊപ്പല്‍ഷന്‍ എന്ന കമ്പനിയുടെ ഇലക്ട്രിക് വാഹന നിര്‍മാണ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വാഹനങ്ങള്‍ നിര്‍മിക്കാന്‍ താല്‍പര്യമുള്ളവര്‍ ഒന്നിച്ചതോടെയാണ് ടെസ് ല മോട്ടോര്‍സ് രൂപീകൃതമായതെന്ന് അദ്ദേഹം പറയുന്നു. അങ്ങനെയാണ് എബര്‍ഹാര്‍ഡും, ടാര്‍പെനിങും, ഇലോണ്‍ മസ്‌കും ജെബി സ്‌ട്രോബെലും ഓഹരി പങ്കാളികളാവുകയും ടെസ് ല മോട്ടോര്‍സ് തുടക്കമിടുകയും ചെയ്തത്.
സ്‌ട്രോബെലുമായി ചേര്‍ന്ന് ടെസ് ലയ്ക്ക് രൂപം കൊടുക്കാതിരുന്നത് തനിക്കു പറ്റിയ തെറ്റാണെന്ന് അദ്ദേഹം അടുത്തിടെ പറയുകയുണ്ടായി. ടെസ് ലയിലെ നിക്ഷേപകനായല്ല സ്ഥാപകനായി തന്നെ അറിയപ്പെടാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഇലോണ്‍ മസ്‌കും സ്‌ട്രോബെലും എബര്‍ഹാര്‍ഡും ടാര്‍പെനിങും നിയമപരമായി കമ്പനിയുടെ സഹ സ്ഥാപകരാണ്.
Content Highlights: elon musk, tesla, twitter, who is tesla founder
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..