ഇലോൺ മസ്ക്, നികോൾ ഷനാഹൻ, സെർഗെ ബ്രിൻ | Photo: Gettyimages
ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ഗെ ബ്രിനിന്റെ ഭാര്യയുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ വ്യാജമാണെന്ന് ടെസ് ല മേധാവി ഇലോണ്‍ മസ്ക്. ബ്രിനിന്റെ ഭാര്യ നിക്കോള്‍ ഷനാഹനുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളാണ് മസ്ക് നിഷേധിച്ചത്.
'സെര്‍ഗെയും ഞാനും സുഹൃത്തുക്കളാണ്. കഴിഞ്ഞ രാത്രിയും ഞങ്ങള്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ മാത്രമേ നിക്കോളിനെ ഞാന്‍ കണ്ടിട്ടുള്ളൂ. അതും നിരവധിയാളുകള്‍ ചുറ്റിലുമുള്ളപ്പോള്‍ മാത്രം. റൊമാന്റിക്ക് ആയി ഒന്നുമില്ല.' ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്തു.
നികോളുമായി ബന്ധത്തിലാകുന്നത് വരെ സെര്‍ഗെ ബ്രിനും മസ്കും നല്ല സുഹൃത്തുക്കളായിരുന്നുവെന്നായിരുന്നു വാര്‍ത്ത. ബ്രിന്‍ ജനുവരിയില്‍ വിവാഹ മോചനത്തിന് അപേക്ഷിച്ചുവെന്നും 2021 ഡിസംബര്‍ 15 ന് ഷനാഹനുമായി വേര്‍പിരിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 ഡിസംബര്‍ 15 മുതല്‍ താനും ശ്രീമതി ഷാനഹാനും വേര്‍പിരിഞ്ഞിരിക്കുകയാണെന്നും പൊരുത്തക്കേടുകളുണ്ടെന്നും അവകാശപ്പെട്ട് മിസ്റ്റര്‍ ബ്രിന്‍ ജനുവരിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു.
2021 ഡിസംബര്‍ ആദ്യം മിയാമിയിലെ ആര്‍ട്ട് ബേസല്‍ ഇവന്റിനിടെയാണ് നികോളും മസ്കുമായുള്ള രഹസ്യബന്ധമുണ്ടായത്. ലോകമെമ്പാടുമുള്ള സമ്പന്നരെ ആകര്‍ഷിക്കുന്ന ഒരു ബഹുദിന, വാര്‍ഷിക ഉത്സവമാണ് ആര്‍ട്ട് ബേസല്‍. ഒരു പാര്‍ട്ടിക്കിടെ ഇലോണ്‍ മസ്ക് ബ്രിന്റെ മുന്നില്‍ മുട്ടുകുത്തി അദ്ദേഹം കാണിച്ച അതിക്രമത്തിന് ക്ഷമാപണം നടത്തിയെന്ന് ബന്ധപ്പെട്ട ആളുകളെ ഉദ്ധരിച്ച് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെസ്ല കാറിന്റെ ഉല്പാദനം നിലച്ച സമയത്ത് ടെസ്ല കാര്‍ വാങ്ങിയ ആളുകളില്‍ ഒരാളാണ് സെര്‍ഗെ ബ്രിന്‍. 2008ല്‍ ആഗോള മാന്ദ്യം നേരിട്ട സമയത്ത് ടെസ് ലയെ പിടിച്ചുനിര്‍ത്താന്‍ 50 ലക്ഷം ഡോളര്‍ നല്കി സഹായിക്കുകയും ചെയ്തിരുന്നു അദ്ദേഹം.
ഇലോണ്‍ മസ്കും ഗായിക ഗ്രിംസുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിന് മാസങ്ങൾക്ക് ശേഷമാണ് പുതിയ ബന്ധം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഇങ്ങനെയുള്ള നിരവധി വാര്‍ത്തകള്‍ മസ്കിനെ കുറിച്ചുണ്ടായിട്ടുണ്ട്. അടുത്തിടെ മസ്കിന്റെ സ്ഥാപനമായ ന്യൂറാലിങ്കിലെ ജീവനക്കാരിയായ ഷിവോണ്‍ സിലിസില്‍ 2021 നവംബറില്‍ മസ്കിന് ഇരട്ടക്കുട്ടികളുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..