Photo: Gettyimages
സാന്‍ ഫ്രാന്‍സിസ്കോ: സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്ക്. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നതില് ട്വിറ്റര്‍ പരാജയപ്പെട്ടതിനാല്‍ 4,400 കോടി ഡോളറിന്റെ (44 ബില്യണ്‍ ഡോളര്‍) അവസാനിപ്പിക്കുകയാണെന്ന് ഇലോണ്‍ മസ്ക് വ്യക്തമാക്കി. കരാറില്‍നിന്ന് പിന്മാറിയ മസ്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു.
ലോകം ഉറ്റു നോക്കിയിരുന്ന കരാറുകളില്‍ ഒന്നായിരുന്നു ഇലോണ്‍ മസ്ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നു എന്നത്. ഏപ്രില്‍ മാസം മുതല്‍ തന്നെ ഇലോണ്‍ മസ്കും ട്വിറ്റര്‍ കരാറും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നായിട്ടായിരുന്നു ഇത് കണക്കാക്കിയിരുന്നത്. 4,400 കോടി ഡോളറിന് ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ ട്വിറ്ററിലെ നിക്ഷേപകര്‍ക്കെല്ലാം ഓഹരിയൊന്നിന് 54.2 ഡോളര്‍ വീതം ലഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.
എന്നാല്‍ ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോള്‍ ട്വിറ്റര്‍ വാങ്ങുന്ന തീരുമാനത്തില്‍നിന്ന് ഇലോണ്‍ മസ്കിനെ പിന്തിരിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ കണക്ക് എത്രയാണെന്ന് മേയ് ഒമ്പതിന് ഇലോണ്‍ മസ്ക് ട്വിറ്ററിനോട് ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരം ലഭിച്ചില്ലെന്നും ലയന കരാറില്‍നിന്ന് പിന്മാറുകയുമാണെന്നാണ് ഇലോണ്‍ മസ്ക് അഭിഭാഷകന് മുഖേന അയച്ച മെയിലില്‍ വ്യക്തമാക്കുന്നത്.
അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകളുള്ളത് എന്നാണ് ട്വിറ്ററിന്റെ വാദം. എന്നാല്‍ അങ്ങനെയല്ല, ഇരുപത് ശതമാനത്തിലേറെ വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ ഉണ്ട് എന്നാണ് ഇലോണ്‍ മസ്ക് പറയുന്നത്. കരാറില്‍നിന്ന് പിന്മാറിയ ഇലോണ്‍ മസ്കിനെതിരെ ട്വിറ്റര്‍ നടപടിക്കൊരുങ്ങുന്നതായാണ് വിവരം.
ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചും കൂടുതല്‍ വിശ്വാസ്യതയ്ക്ക് വേണ്ടി അല്‍ഗൊരിതം ഓപ്പണ്‍ സോഴ്സ് ആക്കിയും സ്പാം ബോട്ടുകളെ പരാജയപ്പെടുത്തിയുമെല്ലാം കൂടുതല്‍ മികച്ചതാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു കരാറിന് പിന്നാലെ ഇലോണ്‍ മസ്ക് പറഞ്ഞത്. എന്നാല്‍ ലോകം ഉറ്റു നോക്കിയ കരാറില്‍നിന്ന് ഇലോണ്‍ മസ്ക് പിന്മാറുന്ന കാഴ്ചയാണ് ഇപ്പോള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..