ലോണ്‍ മസ്‌കിന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ് മനുഷ്യനെ ചന്ദ്രനിലയക്കുക എന്നത്. കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളായി ഈ സ്വപ്‌നത്തിന് പിറകെയാണ് അദ്ദേഹത്തിന്റെ സ്‌പേസ് എക്‌സ് എന്ന കമ്പനി. ഇപ്പോഴിതാ അടുത്ത അഞ്ചോ പത്തോ വര്‍ഷങ്ങള്‍ കൊണ്ട് സ്‌പേസ് എക്‌സിന് മനുഷ്യനെ ചൊവ്വയില്‍ അയക്കാനാവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മസ്‌ക് . 

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിനിടെയാണ് മസ്‌കിൻെറ പ്രസ്താവന. കാര്യങ്ങള്‍ എല്ലാം ശരിയായ രീതിയില്‍ നടന്നാല്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സ്‌പേസ് എക്‌സിന് മനുഷ്യനെ ചൊവ്വയില്‍ എത്തിക്കാന്‍ സാധിക്കുമെന്നും പ്രതികൂല സാഹചര്യമാണെങ്കില്‍ 10 വര്‍ഷം കൊണ്ടെങ്കിലും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

എങ്കിലും മസ്‌ക് പറഞ്ഞ സമയപരിധിയില്‍ തന്നെ മനുഷ്യന്റെ ചൊവ്വായാത്ര യാഥാര്‍ത്ഥ്യമാവുമോ എന്ന് പറയാനാകില്ല. മസ്‌ക് മുമ്പും ഇത്തരത്തില്‍ ചില സമയ പരിധികള്‍ പറഞ്ഞത് നടക്കാതെ പോയിട്ടുണ്ട്. ഇന്ന് നാസയുടെ ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നതും ഉപഗ്രഹ, പേടക വിക്ഷേപണങ്ങള്‍ നടത്തുന്നതും സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റുകളാണ്. 

ചൊവ്വയില്‍ മനുഷ്യന്റെ കോളനി നിര്‍മിക്കുക, ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് ബാഹ്യാകാശത്തുകൂടി യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുക തുടങ്ങിയ അത്ഭുത പദ്ധതികളാണ് ഇലോണ്‍ മസ്‌ക് ആവിഷ്‌കരിച്ചിരിക്കുന്നത്.  സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വികസിപ്പിക്കുന്നത് മനുഷ്യന്റെ ചൊവ്വാ യാത്ര ലക്ഷ്യമിട്ടാണ്. അധികം വൈകാതെ തന്നെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് യാഥാര്‍ത്ഥ്യമായേക്കുമെന്നാണ് കരുതുന്നത്.

Content Highlights: Elon Musk, Human travel to Mars, SpaceX, Starship, Falcon 9