Photo:AFP
ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാകില്ലെന്ന് വ്യക്തമാക്കി ട്വിറ്റര്‍ സി.ഇ.ഒ. പരാഗ് അഗ്രവാളിന്റെ ട്വീറ്റ്. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി സ്വന്തമാക്കിയ ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിതനാകുമെന്ന് അഗ്രവാള്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ചുമതലയില്‍നിന്നു മാറി നില്‍ക്കാനാണ് ഇലോണ്‍ മസ്‌കിന്റെ തീരുമാനമെന്ന് അഗ്രവാള്‍ പറയുന്നു.
'പരിശോധനകളുടെയും ഔദ്യോഗിക അംഗീകാരത്തിന്റേയും അടിസ്ഥാനത്തില്‍ ഇലോണ്‍ മസ്‌ക് ബോര്‍ഡ് അംഗമായി നിയമതിനാകുമെന്ന് ചൊവ്വാഴ്ച ഞങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്ന് രാവിലെ തന്നെ ബോര്‍ഡില്‍ അംഗമാകുന്നില്ലെന്ന് മസ്‌ക് അറിയിച്ചു.' അഗ്രവാള്‍ പറഞ്ഞു.
അതേസമയം, ഈ തീരുമാനം നല്ലതിനാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കുറിച്ചു. ബോര്‍ഡ് അംഗമായാലും അല്ലെങ്കിലും ഞങ്ങളുടെ ഓഹരി പങ്കാളികളുടെ സംഭാവനകളെ ഞങ്ങള്‍ എല്ലായിപ്പോഴും വിലമതിക്കാറുണ്ട്. ഇലോണ്‍ ഞങ്ങളുടെ വലിയ ഓഹരിയുടമയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളോട് തുറന്ന സമീപനമായിരിക്കും. അഗ്രവാള്‍ വ്യക്തമാക്കി.
ഇലോണ്‍ മസ്‌ക് ട്വിറ്റിന്റെ ഓഹരി സ്വന്തമാക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് ആ വിവരം പുറത്തുവന്നത്. 289 കോടി ഡോളര്‍ മൂല്യമുള്ള ഓഹരിയാണ് സ്വന്തമാക്കിയത്. സംഭവം പുറത്തുവന്നതിന് പിന്നാലെ ഇലോണ്‍ മസ്‌ക് ട്വിറ്ററുമായി ബന്ധപ്പെട്ട ചില ട്വീറ്റുകള്‍ പങ്കുവെക്കുകയും അവ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ട്വിറ്ററില്‍ എഡിറ്റ് ബട്ടന്‍ വരുന്നതിനെ കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞും, ട്വിറ്റര്‍ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നുണ്ടോ എന്നുമെല്ലാം ചോദിച്ച് മസ്‌ക് തുറന്ന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
അതേസമയം, ഇലോണ്‍ മസ്‌ക് ബോര്‍ഡ് അംഗമാകുന്നതിനെതിരെ ട്വിറ്റര്‍ ജീവനക്കാരിലും മറ്റുള്ളവരിലും പ്രതിഷേധമുണ്ടായിരുന്നുവെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രംപിനെ വിലക്കിയതുള്‍പ്പടെയുള്ള നടപടികള്‍ പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള തീരുമാനങ്ങള്‍ക്ക് ഇലോണ്‍ മസ്‌ക് തന്റെ അധികാരം വിനിയോഗിച്ചേക്കാമെന്ന ആശങ്ക ഉയര്‍ന്നു.
ബോര്‍ഡ് അംഗമാകില്ലെങ്കിലും ഇലോണ്‍ മസ്‌കിന്റെ അഭിപ്രായങ്ങള്‍ക്ക് മതിയായ പരിഗണന നല്‍കുമെന്ന് തന്നെയാണ് പരാഗ് അഗ്രവാള്‍ വ്യക്തമാക്കുന്നത്.
ട്വിറ്ററില്‍ 9.2 ശതമാനം ഓഹരിയാണ് ഇലോണ്‍ മസ്‌കിന് സ്വന്തമായുള്ളത്. വാന്‍ഗാര്‍ഡ് ഗ്രൂപ്പ് (8.4%) മോര്‍ഗന്‍ സ്റ്റാന്‍ലി (8.1%), ബ്ലാക്ക് റോക്ക് (4.6%), സ്‌റ്റേറ്റ് സ്ട്രീറ്റ് കോര്‍പ്പ് (4.5%), അരിസ്റ്റോട്ടില്‍ കാപ്പിറ്റല്‍ മാനേജ്‌മെന്റ് (2.5%) എന്നിവരും കമ്പനിയിലെ പ്രധാന പങ്കാളികളാണ്.
ട്വിറ്ററിന്റെ സ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സിയ്ക്ക് 2.25 % ഓഹരിയാണ് കമ്പനിയിലുള്ളത്. അദ്ദേഹത്തെ കൂടാതെ എആര്‍കെ ഇന്‍വെസ്റ്റ് മെന്റ് മാനേജ് മെന്റ്(2.2%), ഫിഡിലിറ്റി മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ച് (2.1) എന്നിവരും പ്രധാന ഓഹരി ഉടമകളാണ്.
Content Highlights: twitter, Elon musk twitter shareholder, board member
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..