ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ട്വിറ്റര്‍ പുതിയ ഇമോജിയും അവതരിപ്പിച്ചു. 12 ഭാഷകളിലുള്ള ഹാഷ്ടാഗിനൊപ്പം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചിത്രമടങ്ങുന്നതാണ് ഇമോജി.

ജനങ്ങള്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് ബോധവല്‍കരണം നടത്തുകയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്‍ (SVEEP) എന്ന പേരില്‍ ഒരു പ്രചരണ പരിപാടിയും കമ്മീഷന്‍ തുടങ്ങിയിട്ടുണ്ട്. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ്പ് (@ECISVEEP) നെ സ്വാഗതം ചെയ്യുന്നുവെന്ന് ട്വിറ്റര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. വരുന്ന തിരഞ്ഞെടുപ്പിന് ട്വിറ്റര്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ സമഗ്രതതയും സുരക്ഷിതമായ ആശയവിനിമയവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി ശ്രമിച്ചുവരികയാണ്. വോട്ടര്‍മാരെ ഉദ്‌ബോധിപ്പിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വിറ്ററിലെത്തിയത് വലിയ ബഹുമതിയാണ്. ട്വിറ്റര്‍ ഇന്ത്യയുടെ ഗവണ്‍മെന്റ് ആന്റ് പബ്ലിക്ക് പോളിസി ഡയറക്ടര്‍ മഹിമ കൗള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ട്വിറ്ററിലൂടെ പല സുപ്രധാന വിവരങ്ങള്‍ ലഭിക്കും. തിരിച്ച് കൃത്യമായതും വസ്തുതാപരവുമായ വിവരങ്ങള്‍ നല്‍കാന്‍ ജനങ്ങള്‍ക്കുമാവും. കൗള്‍ പറഞ്ഞു. 

Content Highlights: Election Commission joins Twitter ahead of LokSabha polls