തിരുവനന്തപുരം: വോട്ടെടുപ്പുദിനം അടുത്തതോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തിരഞ്ഞെടുപ്പ് ആപ്പുകളുടെ പ്രളയം. തിരഞ്ഞെടുപ്പ് ചരിത്രംമുതല്‍ സ്ഥാനാര്‍ഥികളെ വിലയിരുത്തി അവര്‍ക്ക് മാര്‍ക്ക് നല്കാനുതകുന്ന ആപ്പുകള്‍വരെ റെഡി. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് നിര്‍മിക്കുകയും പിന്നെ നിര്‍ജീവമാകുകയും ചെയ്തവ പലതും ഉണര്‍ന്നിട്ടുണ്ട്.
നിലവിലെ പാര്‍ലമെന്റംഗത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇതിലൊന്ന്. ഇതില്‍ എം.പി.മാരുടെ പ്രോഗ്രസ് റിപ്പോര്‍ട്ടിനായി വോട്ടര്‍മാര്‍ക്ക് മാര്ക്കിടാനാകും. മണ്ഡലത്തിലെ പരിഹരിക്കാത്ത പ്രശ്നങ്ങളും ഇതില്‍ ചൂണ്ടിക്കാട്ടാം. സജീവമല്ലാതിരുന്ന പല ആപ്പുകളുടെയും ഡൗണ്‍ലോഡും റേറ്റിങ്ങും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉയര്‍ന്നിട്ടുണ്ട്. ആപ്പുകളില്‍ മിക്കതും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ സഹായിക്കുന്നവയും പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ആപ്പുകളും സുലഭം. ഇവ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.
അഭിപ്രായ വോട്ടെടുപ്പുകള്‍ നടത്തുന്ന ആപ്പുകള്‍ക്കും പഞ്ഞമില്ല. ഇതില്‍ വോട്ട് രേഖപ്പെടുത്തിയാലുടന്‍ വോട്ടെണ്ണല്‍ദിനത്തിലെ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് അവകാശപ്പെടുന്ന ആപ്പുകളുണ്ട്. തിരഞ്ഞെടുപ്പ് വാര്‍ത്തകളും ലേഖനങ്ങളും ചിത്രങ്ങളും ലഭിക്കുന്നവയുമേറെ.
Content Highlights: various election apps in playstore