വടകര: ക്ലാസ് കട്ട് ചെയ്ത് കറങ്ങുന്നവരും സ്കൂളിൽ വൈകിവരുന്നവരുമെല്ലാം ജാഗ്രതൈ. സ്കൂളിലെ നിങ്ങളുടെ ഓരോ നീക്കവും ഇനി രക്ഷിതാക്കളുടെ വിരൽത്തുമ്പിലുണ്ടാകും. ജില്ലാ പഞ്ചായത്ത് സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ.

ചോദ്യപ്പേപ്പറുകൾ, പാഠഭാഗങ്ങൾ, വിർച്വൽ ക്ലാസുകൾ, ഓൺലൈൻ പരീക്ഷകൾ, ലഹരിവിരുദ്ധ കൗൺസലിങ് തുടങ്ങി മാറുന്ന കാലത്തിനനുസരിച്ച് അനന്തമായ പഠനസാധ്യതകളും കൂടിയാണ് ‘‌എഡ്യുമിയ ആപ്’ തുറന്നിടുന്നത്.

സെപ്റ്റംബർ അവസാനത്തോടെ ജില്ലയിലെ മുഴുവൻ ഗവ. ഹൈസ്കൂളുകളിലെയും ഹയർ സെക്കൻഡറി സ്കൂളുകളിലെയും രക്ഷിതാക്കളെ മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കും. ഒക്ടോബർ ഒന്നുമുതൽ ആപ്പ് യാഥാർഥ്യമാകും. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര‌വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയുടെ (എഡ്യുകെയർ) ഭാഗമായാണ് മൊബൈൽ ആപ്പ് തയ്യാറാക്കിയത്.

കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിലെ അഞ്ച് സർക്കാർ സ്കൂളുകളിൽ നടപ്പാക്കിയ പദ്ധതി വിജയമായതോടെയാണ് എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. എട്ടുലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. 44 സർക്കാർ ഹൈസ്കൂളുകളിലും ഹയർസെക്കൻഡറി സ്കൂളിലുമാണ് പദ്ധതി നടപ്പാക്കുക. എല്ലാ സ്കൂളുകളിൽ നിന്നും ഓരോ അഡ്മിൻമാരെ തിരഞ്ഞെടുത്ത് ഇവർക്ക് പരിശീലനം നൽകി. ഇവർ സ്കൂളുകളിലെ മറ്റ് അധ്യാപകർക്ക് പരിശീലനം നൽകും. കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരും ഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരം അഡ്മിൻമാരാണ് ആപ്പിലേക്ക് നൽകുന്നത്. ഇത് ഉടൻ പൂർത്തിയാകും. തുടർന്ന് ഒരുദിവസം രക്ഷിതാക്കൾക്കും പരിശീലനം നൽകും.

ആപ്പിന്റെ പ്രവർത്തനം ഇങ്ങനെ

കോഴിക്കോട് ആസ്ഥാനമായ യുബിസ്കൈ ടെക്‌നോളജീസാണ് ‌എഡ്യുമിയ ആപ് രൂപകൽപ്പന ചെയ്തത്. രക്ഷിതാക്കളുടെ മൊബൈൽ ഫോണിലാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. കുട്ടിയുടെ ഹാജർ നില, വൈകിവന്ന വിവരങ്ങൾ, ലൈബ്രറി ഉപയോഗം തുടങ്ങിയവ അതതുസമയം തന്നെ രക്ഷിതാക്കൾക്ക് ആപ്പ് വഴി അറിയാം.

പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയപ്പോൾ ഏറ്റവും വലിയ മാറ്റമുണ്ടായതും ഈ മേഖലയിലാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ കുട്ടികൾ കൃത്യസമയത്ത് ക്ലാസിൽ കയറാൻ തുടങ്ങി. ഹാജർനിലയിലും വർധനയുണ്ടായതായി പദ്ധതി കോ-ഓർഡിനേറ്റർ യു.കെ. അബ്ദുനാസർ പറഞ്ഞു.

ഡയറ്റും മറ്റും തയ്യാറാക്കുന്ന മാതൃകാ ചോദ്യപ്പേപ്പറുകളും പഠനസഹായികളുമെല്ലാം ആപ്പ് വഴി ലഭ്യമാകും. കുട്ടികൾക്ക് വിഷമകരമായ പാഠഭാഗങ്ങളെക്കുറിച്ചുള്ള ക്ലാസ് വീഡിയോയായി നൽകും. ഇതിനായി കോഴിക്കോട്ടും വടകരയിലും രണ്ട് സ്റ്റുഡിയോകൾ തയ്യാറാക്കിയിട്ടുണ്ട്. ഡയറ്റിലെ വിദഗ്‌ധരായ അധ്യാപകരാണ് ക്ലാസ് കൈകാര്യം ചെയ്യുക.

ഓൺലൈനായി മാതൃകാപരീക്ഷകൾ എഴുതാം. രക്ഷിതാക്കൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ട്. നിലവിൽ സർക്കാർ സ്കൂളുകൾക്ക് വേണ്ടിയാണ് ആപ്പ് കൊണ്ടുവന്നതെങ്കിലും എയ്ഡഡ് സ്കൂളുകളും ആവശ്യവുമായി രംഗത്തുവരുന്നുണ്ട്. 15 സ്കൂളുകൾ ഇപ്പോൾ ആപ്പ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ചെലവ് സ്കൂളുകൾ വഹിക്കാമെങ്കിൽ നൽകാമെന്നാണ് ജില്ലാ പഞ്ചായത്ത് നിലപാട്.