Representational Image
ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ കേന്ദ്രം ഏകപക്ഷീയമായി തീരുമാനിക്കരുതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗില്‍ഡ്. ഐടി മന്ത്രാലയം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച 2021 ലെ ഐടി നിയമ ഭേദഗതിയില്‍ ഏറെ ആശങ്കയുണ്ടെന്നും അത് ഒഴിവാക്കണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും (പി.ഐ.ബി) മറ്റ് സര്‍ക്കാര്‍ അംഗീകൃത ഫാക്ട് ചെക്കിങ് ഏജന്‍സികളും വ്യാജമെന്ന് പറയുന്ന എല്ലാ വാര്‍ത്തകളും വിവരങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്തിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേദഗതി.
ഇത് വലിയ രീതിയിലുള്ള സെന്‍സറിങ്ങിലേക്ക് നയിച്ചേക്കുമെന്നും മാധ്യമങ്ങളുടെ വാമൂടിക്കെട്ടുന്നതിലേക്കും നയിച്ചേക്കുമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ചയാണ് ഐടി മന്ത്രാലയം ഐടി നിയമ ഭേദഗതിയുടെ പുതുക്കിയ ഡ്രാഫ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. വാര്‍ത്തകള്‍ വ്യാജമാണെന്ന് നിശ്ചയിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റിന് അധികാരം നല്‍കുകയാണ് നിയമം. പിഐബി വ്യാജമെന്നും തെറ്റാണെന്നും പറയുന്ന വാര്‍ത്തകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കാനോ, അപ്ലോഡ് ചെയ്യാനോ, ഹോസ്റ്റ് ചെയ്യാനോ, പങ്കുവെക്കാനോ, സൂക്ഷിച്ചുവെക്കാനോ പാടില്ലെന്നും അതാത് പ്ലാറ്റ്ഫോമുകളുടെ ഉപഭോക്താക്കള്‍ അത് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഭേദഗതി നിര്‍ദേശിക്കുന്നു.
ഈ പുതിയ ഭേദഗതി മന്ത്രാലയം ഒഴിവാക്കണം. ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങളുണ്ടാക്കുന്നതിന് മുമ്പ് മാധ്യമ കൂട്ടായ്മകളുമായും സ്ഥാപനങ്ങളുമായും മേഖലയിലെ മറ്റ് ബന്ധപ്പെട്ടവരുമായും മന്ത്രാലയം കൂടിയാലോചന നടത്തണം. മാധ്യമ സ്വാതന്ത്ര്യത്തെ വിലകുറച്ച് കാണരുത്. എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
വ്യാജവാര്‍ത്തയേതെന്ന് തീരുമാനിക്കാനുള്ള പരമാധികാരം സര്ക്കാരിനാവരുത്. അത് മാധ്യമ സെന്‍സര്‍ഷിപ്പിന് വഴിവെക്കും. സര്‍ക്കാരിന് പ്രശ്നമെന്ന് തോന്നുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നതിന് ഓണ്‍ലൈന്‍ സേവനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പിഐബിക്കും മറ്റ് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്കും ഇതുവഴി കൂടുതല്‍ അധികാരം ലഭിക്കും.
2021 മാര്‍ച്ചില്‍ പുതിയ ഐടി നിയമങ്ങള്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ ജുഡീഷ്യല്‍ ഇടപെടലില്ലാതെ തന്നെ സര്‍ക്കാരിന് വാര്‍ത്തകള്‍ ബ്ലോക്ക് ചെയ്യാനും നീക്കം ചെയ്യാനും മാറ്റം വരുത്താനും നിയമം അധികാരം നല്‍കുന്നുവെന്നാരോപിച്ച് ഗില്‍ഡ് ആശങ്ക ഉയര്‍ത്തിയിരുന്നു. ഇതിലെ പല വ്യവസ്ഥകളും ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് മേല്‍ അകാരണമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കെല്പ്പുള്ളതാണെന്നാണെന്നും ഗില്‍ഡ് ചൂണ്ടിക്കാട്ടി.
Content Highlights: Editors Guild expresses concern on latest amendment to 2021 IT rules
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..