ഒല ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചുണ്ടായ അപകടം | Photo: Social Media
ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് തീപിടിച്ച സംഭവങ്ങള്‍ക്ക് പിന്നില്‍ അവയില്‍ ഉപയോഗിച്ച ബാറ്ററിയിലെ അപാകതയാവാം എന്ന് പ്രാഥമിക നിഗമനം. ഓല ഇലക്ട്രിക് ഉള്‍പ്പടെയുള്ള മൂന്ന് കമ്പനികളുടെ സ്കൂട്ടറുകള് തീപ്പിടിച്ച സംഭവത്തിലാണ് അന്വേഷണം.
ഓല സ്കൂട്ടറുകളില്‍ ഉപയോഗിച്ചിരുന്ന ബാറ്ററിയിലും അത് കൈകാര്യം ചെയ്യുന്ന സംവിധാനത്തിലും പ്രശ്നങ്ങളുള്ളതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ധനവില കൂടുകയും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ പ്രചാരം ലഭിക്കുകയും ചെയ്ത സമയത്ത് തുടര്‍ച്ചയായി ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് തീപിടിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് മാര്‍ച്ചില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചത്. അത്തരം ഒരു സംഭവത്തില്‍ ഒരു അച്ഛനും മകളും മരിച്ചിരുന്നു.
2030 ഓടെ ഇന്ത്യയില്‍ 80 ശതമാനവും ഇലക്ട്രിക് ബൈക്കുകള്‍ ഉപയോഗത്തില്‍ കൊണ്ടുവരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍ തുടര്‍ച്ചയായുണ്ടായ അപകടങ്ങള്‍ ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
മൂന്ന് കമ്പനികളില്‍ നിന്നുമുള്ള ബാറ്ററികള്‍ സര്‍ക്കാര്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നേക്കും.
ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജിയില്‍ നിന്നുള്ള ബാറ്ററിയാണ് ഒാല ഉപയോഗിക്കുന്നത്. അന്വേഷണത്തില്‍ സര്‍ക്കാരുമായി സഹകരിക്കുന്നുണ്ടെന്ന് ഓല പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് മുമ്പ് ബാറ്ററി സെല്ലുകള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ടെന്ന നിര്‍ദേശവും അന്വേഷണം മുന്നോട്ട് വെക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ബാറ്ററി പാക്കുകളാണ് ഇന്ത്യ പരിശോധിക്കുന്നത്. ബാറ്ററി സെല്ലുകള്‍ പരിശോധിക്കുന്നില്ല. ഇവ പ്രധാനമായും ദക്ഷിണ കൊറിയയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.
Content Highlights: E-scooter fire in India, E-bikes, EV Batteries, safety of EV Batteries
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..