Photo: MBI
ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ചില ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വില്‍ക്കുന്ന എല്ലാ ഉത്പന്നങ്ങളിലും അവ നിര്‍മിച്ചിരിക്കുന്ന രാജ്യം ഏതാണെന്ന് വ്യക്തമാക്കുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. എന്നാല്‍ പഴക്കമുള്ളതും ഏറെ അടിത്തറയുള്ളതുമായ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകള് ഭൂരിഭാഗം ഉല്‍പ്പന്നങ്ങളിലും നിര്‍മിച്ചിരിക്കുന്ന രാജ്യമേതാണെന്ന് വ്യക്തമാക്കുന്നുണ്ട്.
2020 ലെ ചൈനയുമായുള്ള സംഘര്‍ഷത്തിന് ശേഷം മേക്ക് ഇന്‍ ഇന്ത്യ ഉല്പന്നങ്ങള്ക്ക് ഇന്ത്യ വലിയ പ്രചാരം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉത്പന്നങ്ങള്‍ നിര്‍മിച്ച രാജ്യമേതെന്ന വിവരം ഇകൊമേഴ്സ് വെബ്സൈറ്റുകളില്‍ നല്‍കണമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്. ഉപഭോക്തൃ കാര്യ വിഭാഗത്തിന് കീഴിലുള്ള 2017 ലെ പാക്കേജ്ഡ് കമ്മോഡിറ്റി റൂള്‍സ് ഭേദഗതിയിലാണ് ഈ നിബന്ധനയുള്ളത്.
ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോം നടത്തിയ സര്‍വേയില്‍ 42 ശതമാനം പേര് ഇകൊമേഴ്സ് ആപ്പുകള്‍ ഉത്പന്നങ്ങളുടെ രാജ്യം വ്യക്തമാക്കുന്നുണ്ടെന്ന് എന്ന് അഭിപ്രായപ്പെട്ടു. 28 ശതമാനം പേര് പറയുന്നത് ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകള് ഉത്പന്നങ്ങള്‍ നിര്‍മിച്ച രാജ്യം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നില്ലെന്നാണ്. 30 ശതമാനം പേര് ഇതില്‍ അഭിപ്രായം പറഞ്ഞില്ല.
അതേസമയം ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അവ നിര്‍മിച്ചിരിക്കുന്ന രാജ്യം എതാണെന്ന് നോക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേ റിപ്പോര്ട്ടില്പറയുന്നു.
ഇകൊമേഴ്സ് സ്ഥാപനങ്ങള്‍ അവരുടെ വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പിക്കാന്‍ കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി അടുത്തിടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വെബ്സൈറ്റുകളില്‍ ഉത്പന്നങ്ങള്‍ വരുന്ന രാജ്യം ഏതെന്ന് വ്യക്തമാക്കുന്നില്ല എന്നത് കൂടാതെ, ഉത്പന്നങ്ങളുടെ പാക്കേജിലും നിര്‍മിച്ച രാജ്യം എതാണെന്ന് ചില കമ്പനികള്‍ വ്യക്തമാക്കുന്നില്ലെന്നും ഉപഭോക്താക്കള്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..