മെയിലുകളില്‍ സുരക്ഷയൊരുക്കാന്‍ പുതിയ ഇമെയില്‍ പ്രൊട്ടക്ഷന്‍ സേവനവുമായി ഡക്ക് ഡക്ക് ഗോ. പരസ്യകമ്പനികള്‍ നിരീക്ഷിക്കുന്നതില്‍ നിന്നും ഇമെയിലുകളെ സംരക്ഷിക്കുകയാണ് ഈ സേവനത്തിന്റെ ഉദ്ദേശം. 

കമ്പനിയുടെ ഈ പുതിയ സേവനത്തിലൂടെ ഉപയോക്താക്കള്‍ക്ക് പുതിയ @duck.com ഇമെയില്‍ അഡ്രസ് ലഭിക്കും. ഇമെയിലുകളിലെ ഉള്ളടക്കം പരിശോധിച്ച് അവ നിരീക്ഷിക്കുന്ന ട്രാക്കറുകളെ നീക്കം ചെയ്തതിന് ശേഷം ആ മെയിലുകള്‍ നിങ്ങളുടെ യഥാര്‍ത്ഥ ഇമെയില്‍ ഐഡിയിലേക്ക് ഫോര്‍വേഡ് ചെയ്യും. 

ഡക്ക് ഡക്ക് ഗോയുടെ മൊബൈല്‍ ബ്രൗസറിലും എക്‌സ്റ്റന്‍ഷനിലുമാണ് ഈ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. 

ഇതിന്റെ പ്രയോജനം

വിവിധ വെബ്‌സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുമ്പോഴും, ഫ്രീ ട്രയലുകള്‍, ന്യൂസ് ലെറ്ററുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നല്‍കുമ്പോഴുമെല്ലാം ഡക്ക് ഡക്ക് ഗോ ഇമെയില്‍ ഐഡി ഏറെ പ്രയോജനപ്പെടും. കാരണം ഇത്തരം സേവനങ്ങളില്‍ നിന്നുള്ള ഇമെയിലുകളിലാണ് ആഡ് ട്രാക്കറുകള്‍ ഉണ്ടാവാറുള്ളത്. 

ഡക്ക് ഡക്ക് ഗോ ഒരുക്കുന്ന ഇമെയില്‍ പ്രൊട്ടക്ഷന്‍ സേവനം പ്രയോജനപ്പെടുത്തുമ്പോള്‍ നേരത്തെ സൂചിപ്പിച്ച പോലെ നിങ്ങള്‍ക്ക് @duck.com ല്‍ അവസാനിക്കുന്ന ഡിസ്‌പൊസബിള്‍ ഇമെയില്‍ ഐഡി ലഭിക്കും. ഈ ഇമെയില്‍ ഐഡി മുകളില്‍ സൂചിപ്പിച്ച പോലുള്ള സേവനങ്ങള്‍ക്കായി നല്‍കിയാല്‍ മതി. അതിനായി നിലവില്‍ ഉപയോഗിച്ചുവരുന്ന ജിമെയില്‍, യാഹൂ പോലുള്ള സേവനങ്ങളുടെ ഇമെയില്‍ സേവനം ഉപേക്ഷിക്കേണ്ടതില്ല.

പിന്നീട് നിങ്ങള്‍ക്കുവരുന്ന പ്രോമോഷണല്‍ ഇമെയിലുകള്‍ ആദ്യം ഡക്ക് ഡക്ക് ഗോയുടെ സുരക്ഷാ സംവിധാനത്തിലേക്കാണ് ആദ്യമെത്തുക. അതിലെ ട്രാക്കറുകള്‍ നീക്കം ചെയ്തതിന് ശേഷം അവ നിങ്ങളുടെ യഥാര്‍ത്ഥ ഇമെയില്‍ ഐഡിയിലേക്ക് ഫോര്‍വേഡ് ചെയ്യപ്പെടും. ഈ ഡക്ക് ഡക്ക് ഗോ ഇമെയിലുകള്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് നീക്കം ചെയ്യാവുന്നതുമാണ്. 

നേരത്തെ ഐഓഎസില്‍ ആപ്പിള്‍ അവതരിപ്പിച്ച സേവനത്തിന് സമാനമാണ് ഇത്. എന്നാല്‍ ആന്‍ഡ്രോയിഡിലും ഐഓഎസിലും ഉള്‍പ്പടെ എല്ലാ വെബ് ബ്രൗസറുകളിലും ഡക്ക് ഡക്ക് ഗോയുടെ സേവനം പ്രയോജനപ്പെടുത്താനാവും. 

നിങ്ങള്‍ക്ക് ലഭിക്കുന്ന 70 ശതമാനം ഇമെയിലുകളിലും ഇമെയില്‍ ട്രാക്കറുകള്‍ ഉണ്ട് എന്നാണ് ഡക്ക് ഡക്ക് ഗോ പറയുന്നത്. നിങ്ങള്‍ എപ്പോള്‍ ഇമെയല്‍ തുറക്കുന്നു, എവിടെ നിന്ന് തുറക്കുന്നു, ഏത് ഉപകരണമാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ട്രാക്ക് ചെയ്യപ്പെടും. 

നിങ്ങളുടെ ഇമെയിലുകള്‍ വഴി രഹസ്യമായി പരസ്യ പ്രൊഫൈലുകള്‍ നിര്‍മിക്കുന്നത് തടയുകയാണ് ഈ ഡക്ക് ഡക്ക് ഗോ സേവനം ചെയ്യുക. ഉപയോക്താക്കളുടെ ഇമെയിലുകള്‍ തങ്ങള്‍ സൂക്ഷിക്കില്ലെന്നും ഡക്ക് ഡക്ക് ഗോ പറയുന്നു.

Content Highlights: DuckDuckGo launches new Email Protection service