സാങ്കേതിക വിദ്യയുടെ വികാസത്തിനൊപ്പം മാറുന്ന ലോകമാണ് നാമിന്നു കാണുന്നത്. യന്ത്രവത്കരണത്തെ തുടര്‍ന്ന് തൊഴില്‍ രംഗത്ത് 60 ശതമാനം കുറവ് വന്നതായി അടുത്ത കാലത്ത് ലോകബാങ്ക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

പല മേഖലകളില്‍ നിന്നും മനുഷ്യരെ മാറ്റിനിര്‍ത്തിയെങ്കിലും ഡ്രൈവിംഗില്‍ നിന്നു പൂര്‍ണമായി മനുഷ്യനെ ഒഴിവാക്കാന്‍ സാധിച്ചിട്ടില്ല. ഇതിന്റെ ഒരു വെല്ലുവിളി പ്രധാനപ്പെട്ട എല്ലാ ടെക് ഭീമന്മാരെയും വല്ലാതെ അലട്ടുന്നുണ്ടെന്നതിന്റെ തെളിവാണ് ഡ്രൈവറില്ലാ കാറിന്റെ നിര്‍മാണത്തിനായി മൈക്രോസോഫ്റ്റും ചൈനീസ് ടെക് കമ്പനിയായ ബൈദുവും ഒരുമിക്കുന്നത്.

മൈക്രോസോഫ്റ്റാണ് ഈ കൂട്ടായ്മയുടെ കാര്യം വെളിപ്പെടുത്തിയത്. 

ഇന്റര്‍നെറ്റ് സഹായത്തോടെ ഓടുന്ന കാറുകള്‍ നിര്‍മിക്കുന്നതിനായി ഏറെ നാളായി വാഹന നിര്‍മാതാക്കളുമായി മൈക്രോസോഫ്റ്റ് ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് ഡ്രൈവറില്ലാ കാറുകള്‍ നിര്‍മിക്കാന്‍ മൈക്രോസോഫ്റ്റ് മുന്‍കൈയെടുക്കുന്നത്.  

ഡ്രൈവര്‍ ലെസ് കാര്‍ നിര്‍മിക്കാനുതകുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ബൈദു നിര്‍മിച്ച അപ്പോളൊയെന്നും ഇത് മറ്റ് വാഹന നിര്‍മാതാക്കള്‍ക്കു നല്കാന്‍ കമ്പനി ഒരുക്കമാണെന്നും ബൈദു ഈ മാസം ആദ്യം അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഈ സാങ്കേതിക വിദ്യ സ്വന്തം വാഹനത്തില്‍ പരീക്ഷിക്കാന്‍ എന്‍വിഡ, ഫോര്‍ഡ്, ഇന്റെല്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ സന്നദ്ധത അറിയിച്ചിരുന്നു. 

ബൈദുവുമായി ചേര്‍ന്ന് വാഹന മേഖലയിലെ വിപ്ലവകരമായ കാല്‍വെപ്പ് നടത്തുന്നതില്‍ സന്തോഷമുണ്ടെന്നും ഇതുവഴി ഡ്രൈവറില്ലാത്ത കാര്‍ സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കുമെന്നും മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് കെവിന്‍ ഡാലസ് അറിയിച്ചു. 

ഗൂഗിളിന്റെ ആന്‍ഡ്രോയിഡിന്റെ മാതൃകയിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് അപ്പോളൊ. എന്നാല്‍, ഇത് കാറുകളിലാണ് ഉപയോഗിക്കുന്നത്. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മറ്റ് കമ്പനികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. 
സാങ്കേതിക വിദ്യയുടെ വികസനമാണ് ബൈദുവിന്റെ ലക്ഷ്യം. അപ്പോളയ്ക്ക് ചൈനയില്‍ ആവശ്യത്തിന് പ്രചാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, അപ്പോളൊയ്ക്ക് ലോകത്താകമാനം പ്രചാരം നേടുന്നതിനാണ് മൈക്രോസോഫ്റ്റുമായി കൈകോര്‍ക്കുന്നതെന്ന് ബൈദു പ്രസിഡന്റ് യാ-ക്വിന്‍, സാങ് പറഞ്ഞു.