പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ജമ്മു കശ്മീരില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നു. ഇന്ത്യന്‍ സേനയ്ക്ക് വേണ്ടി അത്യാധുനിക ആയുധങ്ങളും പ്രതിരോധ സാങ്കേതിക വിദ്യയും വികസിപ്പിക്കുന്നതും ഗവേഷണങ്ങള്‍ നടത്തുന്നതും ഡിആര്‍ഡിഒ ആണ്. 

ശാസ്ത്ര-സാങ്കേതിക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കേന്ദ്ര സര്‍വകലാശാലയുമായി ഡിആര്‍ഡിഒ ധാരണാപത്രം ഒപ്പുവെച്ചു. ‍ഡൽഹിയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ സാന്നിധ്യത്തിലാണ് ധാരണാ പത്രം ഒപ്പുവെച്ചത്. 

ജമ്മു കേന്ദ്ര സര്‍വകലാശാലയില്‍ ഡിആര്‍ഡിഒയ്ക്ക് വേണ്ടി പ്രത്യേകം ഗവേഷണ കേന്ദ്രം നിര്‍മിക്കും. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി 'കലാം സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി' എന്നായിരിക്കും ഈ ഗവേഷണ കേന്ദ്രത്തിന് പേര്. 

അത്യാധുനിക സൗകര്യങ്ങളും ഉപകരണങ്ങളുമായിരിക്കും ഈ ഗവേഷണ കേന്ദ്രത്തിലുണ്ടാവുക. പ്രദേശത്തെ ഗവേഷകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. ലോകോത്തര സൗകര്യങ്ങളാണ് ഗവേഷകര്‍ക്കായി ഒരുക്കുകയെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി പറഞ്ഞു. 

Content Highlights: DRDO to setup a research centre at Jammu and Kashmir