നുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യത്തിന് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഓ) സുപ്രധാന സാങ്കേതിക സഹായം നല്‍കും. ഇത് സബന്ധിച്ച് ഡിആര്‍ഡിഓയും ഐഎസ്ആര്‍ഓയും ധാരണാപത്രം ഒപ്പുവെച്ചു. 

ബഹിരാകാശ ഭക്ഷണം, യാത്രികര്‍ക്കുള്ള സര്‍വൈവല്‍ കിറ്റ്, റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ഉപകരണം, പാരച്യൂട്ട് ഉള്‍പ്പടെയുള്ളവയ്ക്കാണ് ഡിആര്‍ഡിഓയുടെ സഹായം ലഭിക്കുക. 

2022 ഓടെ ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ലക്ഷ്യം. മൂന്ന് യാത്രികരെ ബഹിരാകാശത്തേക്ക് അയക്കാനാണ് പദ്ധതി. ജിഎസ്എല്‍വി റോക്കറ്റിന്റെ സഹായത്തോടെയാവും വിക്ഷേപണം. 

പ്രതിരോധ രംഗത്തെ ഗവേഷണങ്ങള്‍ക്കും പ്രതിരോധ സാങ്കേതിക വിദ്യ നിര്‍മാണത്തിനുമായി സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏജന്‍സിയാണ് ഡിആര്‍ഡിഓ. ഗഗന്‍യാന്‍ പദ്ധതിയ്ക്ക് വേണ്ടി ഡിആര്‍ഡിഓയ്ക്ക് കീഴിലുള്ള ലബോറട്ടറികളും വിവിധ വിഭാഗങ്ങളുമായും ഐഎസ്ആര്‍ഓ ധാരണയിലായിട്ടുണ്ട്. 

നിലവിലുള്ള പ്രതിരോധ സാങ്കേതിക വിദ്യകളെ ബഹിരാകാശയാത്രയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പുനര്‍നിര്‍മിക്കാനാവുമെന്ന് ഡിആര്‍ഡിഓ ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി പറഞ്ഞു. 

ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമാവുന്ന ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് റഷ്യയിലും ഇന്ത്യയിലുമായാണ് പരിശീലനം നല്‍കുക.

Content Highlights: DRDO to provide critical technical support for gaganyan project of ISRO