ന്യൂഡല്‍ഹി: ടെലികോം സേവനങ്ങള്‍ 4ജിയിലേക്ക് മാറ്റുന്നിന് ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കരുത് എന്ന് ബിഎസ്എന്‍എലിനോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിലാണ് ഇത്. അതിര്‍ത്തി സംഘര്‍ഷം രാജ്യത്തുടനീളം ചൈന വിരുദ്ധ വികാരത്തിന് ഇടയാക്കിയിരിക്കുകയാണ്. ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം രാജ്യത്ത് ശക്തമായിരിക്കുകയാണ്. 

പുനരുദ്ധാരണ പാക്കേജിന്റെ പിന്തുണയില്‍ 4ജി സാങ്കേതിക വിദ്യയിലേക്ക് മാറാന്‍ ഒരുങ്ങുന്ന ബിഎസ്എന്‍എല്‍ അതിന് വേണ്ടി ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കാന്‍ ടെലികോം മന്ത്രാലയം തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയെങ്കില്‍ അതിനായുള്ള ടെന്‍ഡറില്‍ മാറ്റം വരുത്തേണ്ടിവരും.  മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിനും (എംടിഎന്‍എല്‍) ഇതേ നിര്‍ദേശം നല്‍കും. 

ഇത് കൂടാതെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളോടും ചൈനീസ് ടെലികോം ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ആവശ്യപ്പെടുന്നതും ടെലികോം വകുപ്പ് പരിഗണിക്കുന്നുണ്ട്. 

ഇന്ത്യാ ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത ചൈനാ വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്ന് രാജ്യത്തെ സ്മാര്‍ട്‌ഫോംണ്‍ വിപണി ആശങ്കയിലാണ്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ആധിക്യം തന്നെയാണ് അതിന് കാരണം. ചൈനയില്‍ നിന്നുള്ള സ്മാര്‍ട്‌ഫോണുകളും സ്മാര്‍ട് ടിവികളും ഉള്‍പ്പെടുന്ന ഉപകരണങ്ങളും, ആപ്ലിക്കേഷനുകളും മറ്റ് ടെലികോം ഉപകരണങ്ങളും ഇന്ത്യയില്‍ വ്യാപകമായി ഉപയോഗത്തിലുണ്ട്. 

ചൈന വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച നിശ്ചയിച്ചിരുന്ന ഓപ്പോ ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ അവതരണ പരിപാടിയുടെ ലൈവ് സ്ട്രീമിങ് ഒഴിവാക്കേണ്ടി വന്നിരുന്നു. എങ്കിലും ഓപ്പോയുടെ ഫൈന്‍ഡ് എക്‌സ്2 പരമ്പര ഇന്ത്യന്‍ വിപണിയിലെത്തുകയും ചെയ്തു. 

രാജ്യത്തെ മുന്‍നിരയിലുള്ള ആദ്യ അഞ്ച് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ നാലെണ്ണം ചൈനയില്‍ നിന്നുള്ള ഷാവോമി, വിവോ, റിയല്‍മി, ഓപ്പോ എന്നിവയാണ്. 76 ശതമാനം വിപണി വിഹിതവും ഇവരുടേതാണ്. ദക്ഷിണകൊറിയയുടെ സാംസങ് ആണ് ഇതില്‍ മൂന്നാമതുള്ളത്. രാജ്യത്തെ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ ചൈനയുടേതല്ലാത്ത ഏക ബ്രാന്‍ഡ് സാംസങ് ആണ്.

Content Highlights: DoT to ask BSNL not to use chinese tool for 4g upgradation