സാന്‍ ഫ്രാന്‍സിസ്കോ: അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്ത് തെറ്റായ കാര്യങ്ങളും രാഷ്ട്രീയ പരസ്യങ്ങളായി പ്രചരിപ്പിക്കാന്‍ അനുവദിക്കുന്ന ഫെയ്സ്ബുക്ക് നിലപാടിനെതിരെ സ്ഥാപനത്തിനുള്ളില്‍ തന്നെ പ്രതിഷേധം പുകയുന്നു. ഫെയ്സ്ബുക്ക് നേതൃത്വം നിലപാടില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഒരു തുറന്ന കത്ത് പുറത്തിറക്കിയിരിക്കുകയാണ് ഒരു വിഭാഗം ഫെയ്സ്ബുക്ക് ജീവനക്കാര്‍.
ട്രംപിന് വേണ്ടിയുള്ള 30 സെക്കന്റ് നീളുന്ന ഒരു പ്രചാരണ വീഡിയോയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. അമേരിക്കന്‍ വൈസ് പ്രസിഡന്റായിരുന്ന ജോസഫ് ആര്. ബിഡെന് ജൂനിയര്‍ തന്റെ മകന്റെ ഉടമസ്ഥതയിലുള്ള കമ്പനിയ്ക്കെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ ഉക്രെയിനിന് നൂറ് കോടി ഡോളര്‍ വാഗ്ദാനം ചെയ്തുവെന്നായിരുന്നു വീഡിയോയിലെ ആരോപണം.
എന്നാല്‍ വിഡിയോയിലെ ആരോപണങ്ങള്‍ തെറ്റാണെന്ന് കാണിച്ച് സിഎന്‍എന്‍ ഈ പരസ്യം സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും പിന്മാറി. എന്നാല്‍ ഫെയ്സ്ബുക്ക് അതിന് തയ്യാറായില്ല. പരസ്യം പിന്‍വലിക്കണമെന്ന് ജോസഫ് ബിഡെന് ആവശ്യപ്പെട്ടെങ്കിലും ഫെയ്സ്ബുക്ക് അതിന് തയ്യാറായില്ല.
വിവാദമായ പരസ്യം ഫെയ്സ്ബുക്കില്‍ 50 ലക്ഷത്തിലധികം പേര് കണ്ടുകഴിഞ്ഞു. വീഡിയോ ഫെയ്സ്ബുക്ക് നിബന്ധനകള്‍ ലംഘിക്കുന്നില്ലെന്നാണ് ഫെയ്സ്ബുക്കിന്റെ നിലപാട്. അഭിപ്രായ സ്വാതന്ത്ര്യത്തിലാണ് ഫെയ്സ്ബുക്ക് വിശ്വസിക്കുന്നതെന്നും രാഷ്ട്രീയക്കാര്ക്കുള്പ്പടെ എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഫെയ്സ്ബുക്ക് ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയക്കാര്‍ക്കും രാഷ്ട്രീയ പ്രചാരണം നടത്തുന്നവര്‍ക്കും അവര്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിനുമേല്‍ പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാവുമെന്ന് കഴിഞ്ഞമാസം ഫെയ്സ്ബുക്ക് ഫെയ്സ്ബുക്ക് പ്രഖ്യാപിക്കുകയുമുണ്ടായി.
ഈ നിലപാടിനെതിരെയാണ് ഫെയ്സ്ബുക്കിനുള്ളില്‍ തന്നെ പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്. 250 ല്‍ അധികം ഫെയ്സ്ബുക്ക് ജീവനക്കാര്‍ ഒപ്പിട്ട കത്താണ് ഫെയ്സ്ബുക്ക് കമ്പനി ജീവനക്കാര്‍ പരസ്പരം ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക് വര്‍ക്ക്പ്ലേസില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്.
രാഷ്ട്രീയക്കാര്‍ക്ക് ഫെയ്സ്ബുക്കില്‍ എന്തും പറയാമെന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നിലപാട് ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ചായിട്ടുണ്ട്. രാഷട്രീയ പരസ്യങ്ങള്‍ വൈറലാവാനിടയുണ്ടെന്നും വ്യാപകമായ തെറ്റായ വിവരങ്ങള്‍ പ്രചരിക്കാനിടയുണ്ടെന്നും വിമര്‍ശനമുയരുന്നു.
രാഷ്ട്രീയ പരസ്യങ്ങള്‍ക്കുമേലുള്ള ഫെയ്സ്ബുക്കിന്റെ നിലപാടിനെതിരെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥികളും ജനപ്രതിനിധികളും പൗരാവകാശ സംഘങ്ങളും വ്യാപകമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. എന്നാല്‍ കമ്പനിക്കുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്നത് അപൂര്‍വമായ സാഹചര്യമാണ് ഫെയ്സബുക്കിലുണ്ടാക്കിയിരിക്കുന്നത്.
2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുതല്‍ രാഷ്ട്രീയ പരസ്യങ്ങളുടെ പേരില്‍ ഫെയ്സ്ബുക്ക് പ്രതികൂട്ടിലാണ്. 2016 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഏജന്‍സികളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടേണ്ടി വന്നിട്ടും. രാഷ്ട്രീയക്കാര്‍ക്ക് എന്തും ചെയ്യാന്‍ വേദിയൊരുക്കുകയാണ് ഫെയ്സ്ബുക്ക്.
Content Highlights: Disagreement among employees over Facebook's position on political advertising