Digiboxx | Screengrab: digiboxx.com
ഡിജി ബോക്‌സ് (digiboxx)എന്ന പേരില്‍ ഇന്ത്യന്‍ നിര്‍മിത ക്ലൗഡ് സ്റ്റോറേജ് സേവനവുമായി നീതി ആയോഗ്. ക്ലൗഡ് സ്‌റ്റോറേജും ഫയല്‍ ഷെയറിങ് സൗകര്യവുമാണ് ഡിജിബോക്‌സ് ഒരുക്കുന്നത്. അണ്‍ലിമിറ്റഡ് ഫോട്ടോ അപ്‌ലോഡ് 2021 ജൂണ്‍ 21 മുതല്‍ ലഭിക്കില്ലെന്ന ഗൂഗിളിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഡിജിബോക്‌സിന്റെ വരവ്.
ഡിജിബോക്‌സില്‍ 20 ജിബി സ്റ്റോറേജ് സൗജന്യമായി ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. കൂടാതെ പ്രതിമാസം 30 രൂപ നല്‍കാന്‍ സാധിക്കുന്നവര്‍ക്ക് 100 ജിബി വരെ സ്റ്റോറേജ് വിനിയോഗിക്കാം. ഒന്നിലധികം ഇന്ത്യന്‍ ഡാറ്റാ സെന്ററുകളുമായി ചേര്‍ന്നാണ് ഇത്തരം ഒരു നിരക്കിലേക്ക് സേവനമെത്തിക്കാനായതെന്ന് ഡിജിബോക്‌സ് സി.ഇ.ഒ. അര്‍ണബ് മിത്ര പറഞ്ഞു.
ഈ രീതിയിലുള്ള ആദ്യ ഇന്ത്യന്‍ നിര്‍മിത സേവനമാണിതെന്നും ഡിജിബോക്‌സ് അവകാശപ്പെടുന്നു. ഇന്ത്യയില്‍ തന്നെ ഡാറ്റ ശേഖരിക്കുക, ദേശ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ പദ്ധതിയിക്ക് പിറകിലുണ്ട്.
നാല് തരം സ്റ്റോറേജ് പ്ലാനുകളാണ് ഡിജിബോക്‌സിലുള്ളത്
സൗജന്യമായി ഉപയോഗിക്കുന്നവര്‍ക്ക് 20 ജിബി സ്‌റ്റോറേജ് ലഭിക്കും. രണ്ട് ജിബി വരെയുള്ള ഫയലുകള്‍ അപ്ലോഡ് ചെയ്യാം. എസ്എസ്എല്‍ സുരക്ഷിതത്വം ഉണ്ടാവും. ജിമെയില്‍ ഇന്റഗ്രേഷന്‍ വൈകാതെ ലഭിക്കും.
വ്യക്തികള്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കുമായി 30 രൂപയുടെ പ്ലാനില്‍ രണ്ട് ടി.ബി. വരെ സ്റ്റോറേജ് ലഭിക്കും. ഇതില്‍ 100 ജിബി ഉപയോഗിക്കുന്നവര്‍ക്കാണ് 30 രൂപയുടെ പ്രതിമാസ പ്ലാന്‍. 90 രൂപയ്ക്ക് 500 ജി.ബിയും, 120 രൂപയ്ക്ക് ഒരു ടി.ബിയും 199 രൂപയ്ക്ക് 2 ടി.ബിയും സ്റ്റോറേജ് ഉപയോഗിക്കാം.
ചെറുകിട വ്യവസായങ്ങള്‍ക്കായി 999 രൂപയില്‍ തുടങ്ങി 3499 രൂപ വരെയുള്ള പ്ലാനുകളുണ്ട് ഇതില്‍ 500 ജി.ബി. മുതല്‍ 5 ടി.ബി. വരെ സ്റ്റോറേജ് ലഭിക്കും. 50 മുതല്‍ 200 പേര്‍ക്ക് വരെ ഈ സ്റ്റോറേജ് വിനിയോഗിക്കാം.
ഇത് കൂടാതെയുള്ള കസ്റ്റം സ്‌റ്റോറേജ് പ്ലാനുകളില്‍ 500 ഉപയോക്താക്കളെ വരെ ഉള്‍പ്പെടുത്തി ആവശ്യമുള്ളത്ര സ്റ്റോറേജ് ആവശ്യപ്പെടാം. വലിയ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണിത്. ആവശ്യത്തിനനുസരിച്ച് ഇതില്‍ വില നിശ്ചയിക്കപ്പെടും.
പ്രത്യേകതകള്‍
അതിവേഗം ഫയല്‍ തിരയാനുള്ള സൗകര്യം, ഡോക്യുമെന്റ്, വീഡിയോ, ഫോട്ടോ ഉള്‍പ്പടെ ഏത് രീതിയിലുള്ള ഫയലുകളും പങ്കുവെക്കാം. തെറ്റായ ആള്‍ക്കാണ് ഫയല്‍ അയച്ചതെങ്കില്‍ അവ തിരിച്ചുവിളിക്കാം. ഫയലുകള്‍ എളുപ്പം എഡിറ്റ് ചെയ്യാം.
വലിയ ഫയലുകള്‍ അയക്കാന്‍ ഇന്‍സ്റ്റാഷെയര്‍ എന്നൊരു സൗകര്യം ഡിജിബോക്‌സിലുണ്ട്. വീ ട്രാന്‍സ്ഫര്‍ സേവനത്തിന് സമാനമാണിത്. 60 ദിവസം വരെ ഈ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഡിജിബോക്‌സ് സൗകര്യം ലഭിക്കുക. താമസിയാതെ തന്നെ ഐഓഎസിലും ലഭിക്കും. ഡിജിബോക്‌സ് വെബ്‌സൈറ്റിലും സേവനം ലഭ്യമാണ്.
ഗൂഗിളുമായി താരതമ്യം ചെയ്യുമ്പോള്‍
15 ജി.ബി. സ്‌റ്റോറേജാണ് ഗൂഗിള്‍ സൗജന്യമായി ഒരു ജിമെയില്‍ അക്കൗണ്ടിന് നല്‍കുന്നത്. ഇതില്‍ 100 ജി.ബി. സ്‌റ്റോറേജ് ഉപയോഗിക്കാന്‍ 130 രൂപ പ്രതിമാസം നല്‍കണം. ഡിജിബോക്‌സില്‍ ഇതേ സ്‌റ്റോറേജ് ഉപയോഗിക്കാന്‍ 30 രൂപ നല്‍കിയാല്‍ മതി. ഗൂഗിളില്‍ രണ്ട് ടി.ബി. ഉപയോഗിക്കാന്‍ 650 രൂപ പ്രതിമാസം നല്‍കേണ്ടിവരുമ്പോള്‍ ഡിജിബോക്‌സില്‍ 199 രൂപയ്ക്ക് ഒരാള്‍ക്ക് രണ്ട് ടി.ബി. ഡാറ്റ ഉപയോഗിക്കാം.
Content Highlights: DigiBoxx cloud storage service launched by Niti Ayog
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..