ന്യൂഡല്‍ഹി: വാട്‌സാപ്പിന്റെ പുതിയ ഡാറ്റാ പ്രൈവസി പോളിസി ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുവെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍നിന്നു ഡല്‍ഹി ഹൈക്കോടതി സിംഗില്‍ ബെഞ്ച് പിന്‍മാറി. ജസ്റ്റിസ് പ്രതിഭ എം. സിങ് ആണ് പിന്‍മാറിയത്. 

അഭിഭാഷകനായ ചൈതന്യ റോഹില്ല സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ഉത്തരവുകള്‍ക്ക് വിധേയമായി മറ്റൊരു സിംഗിള്‍ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം. സിങ് നിര്‍ദേശിച്ചു. 'ഇക്കാര്യം പൊതുതാല്‍പര്യ വ്യവഹാരമായി (PIL) പരിഗണിക്കട്ടെ,'' ബെഞ്ച് പറഞ്ഞു. 

ഹര്‍ജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. ജനുവരി 18-ന് വീണ്ടും വാദം കേള്‍ക്കും. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. മനോഹര്‍ലാല്‍ ആണ് ഹാജരായത്. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മയും വാട്‌സാപ്പിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്തഗിയും ഹാജരായി. 

വാട്‌സാപ്പിന്റെ പുതിയ പോളിസി ഇന്ത്യന്‍ പൗരന്റെ മൗലികാവകാശ ലംഘനമാണ്. ഇതു നടപ്പാക്കുന്നത്‌ തടയണമെന്നും വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായും ഫെയ്‌സ്ബുക്കിന്റെ മറ്റ് കമ്പനികളുമായും മൂന്നാം കക്ഷി സ്ഥാപനങ്ങളുമായും പങ്കുവെക്കുന്നത് തടയാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണം എന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നത്. 

Content Highlights: Delhi High Court bench recuses itself from petition filed against WhatsApp