തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഇ-ഗ്രാന്റ്സ് വെബ്സൈറ്റിലെ സുരക്ഷാവീഴ്ചയിൽ ഉടനടി നടപടി സ്വീകരിച്ച് സി-ഡിറ്റ്. വെബ്സൈറ്റിലെ സുരക്ഷാവീഴ്ച സംബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സി-ഡിറ്റ് അധികൃതർ പ്രശ്നങ്ങൾ പരിഹരിച്ചത്. അതേസമയം, ഇതുവരെ തുറന്നുകിടന്നിരുന്ന സ്വകാര്യവിവരങ്ങളടങ്ങിയ ഡാറ്റ നേരത്തെ മറ്റാരെങ്കിലും ഡൗൺലോഡ് ചെയ്തെടുത്തോ എന്നതിൽ യാതൊരു ഉറപ്പും പറയാനാവില്ലെന്നും അധികൃതർ പറഞ്ഞു.

സെർവർ മാറ്റിയ സമയത്ത് ബാക്കപ്പ് ചെയ്തുവെച്ചിരുന്ന ഫയലുകൾ ഡിലീറ്റ് ചെയ്യാൻ വിട്ടുപോയതാണ് ഈ വിവരച്ചോർച്ചയ്ക്ക് കാരണമായതെന്നും മാതൃഭൂമി ഡോട്ട് കോം വാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ പ്രശ്നം പരിഹരിച്ചതായും സി-ഡിറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു. സി-ഡിറ്റ് തയ്യാറാക്കുന്ന വെബ്സൈറ്റുകളിൽ ഇത്തരം വീഴ്ചകൾ സംഭവിക്കാറില്ലെന്നും ഇത് യാദൃശ്ചികമായി സംഭവിച്ചുപോയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്, എസ്.ടി. ഒ.ബി.സി. വിഭാഗങ്ങളിലെ വിദ്യാർഥികളുടെ സ്കോളർഷിപ്പുകൾക്കും മറ്റ് ആനുകൂല്യങ്ങൾക്കുമായി തയ്യാറാക്കിയ www.egrantz.kerala.gov.in എന്ന വെബ്സൈറ്റിലാണ് വൻ സുരക്ഷാവീഴ്ച സംഭവിച്ചത്. 2.68 ലക്ഷത്തിലേറെ പേരുടെ ബാങ്ക് പാസ്ബുക്ക് വിവരങ്ങളും ചിത്രങ്ങളുമാണ് വെബ്സൈറ്റിൽനിന്ന് ആർക്കും ഡൗൺലോഡ് ചെയ്തെടുക്കാവുന്നരീതിയിൽ തുറന്നുകിടന്നിരുന്നത്.
ഇതിൽ പാസ്ബുക്ക് ഡാറ്റയടങ്ങുന്ന ഫോൾഡറിന് 15 ജിബി വലിപ്പമുണ്ടായിരുന്നു. ആറ് ജിബിയോളം വലിപ്പമുള്ള ഫോൾഡറിലാണ് പ്രൊഫൈൽ ചിത്രങ്ങൾ ഉള്ളത്. രണ്ട് ലക്ഷത്തിലേറെ ഫയലുകൾ ഓരോ ഫോൾഡറിലുമുണ്ട്. ഇത് കൂടാതെ അപ്ലോഡ്സ് എന്ന പേരിൽ മറ്റൊരു ഫോൾഡറും ലഭ്യമാണ് ഈ ഫയലിന് 180 ജിബിയിലേറെ വലിപ്പമുണ്ട്.

സോഫ്റ്റ് വെയർ എൻജിനീയറായ അഖിലേഷ് ബി. ചന്ദ്രനാണ് സർക്കാർ വെബ്സൈറ്റിലെ സുരക്ഷാവീഴ്ച മാതൃഭൂമി ഡോട്ട് കോമിനെ അറിയിച്ചത്. തുടർന്ന് മാതൃഭൂമി ഡോട്ട് കോം വിവരങ്ങൾ പരിശോധിച്ച് ഇത് സ്ഥിരീകരിക്കുകയും ചെയ്തു. പക്ഷേ, എത്രകാലം പഴക്കമുള്ള വിവരങ്ങളാണ് ഇവയെന്ന് വ്യക്തമല്ല.

സംസ്ഥാനത്ത് സ്വകാര്യ ഡേറ്റ വലിയ ചർച്ചയായതിന് പിന്നാലെയാണ് ലക്ഷക്കണക്കിന് പേരുടെ സ്വകാര്യവിവരങ്ങൾ ഒരു സുരക്ഷയുമില്ലാതെ സർക്കാർ വെബ്സൈറ്റിൽ കൈകാര്യം ചെയ്ത വിവരം പുറത്തുവന്നത്. വെബ്സൈറ്റ് തയ്യാറാക്കിയവർക്ക് സംഭവിച്ച പാളിച്ചയാണെങ്കിലും സർക്കാർ വെബ്സൈറ്റിലൂടെ ഇത്തരം സ്വകാര്യവിവരങ്ങൾ പരസ്യമായത് അതീവ ഗൗരവമേറിയ വിഷയം തന്നെയാണ്.

Content Highlights:data privacy issue data leakage in kerala government egrantz website issue solved by cdit