Cyber Punk 2077 | Photo: Twitter@CyberpunkGame
സൈബര്‍പങ്ക് 2077 എന്ന ആക്ഷന്‍ വീഡിയോ ഗെയിം പുറത്തിറക്കാന്‍ വൈകുന്നതിന് ഗെയിം ഡെവലപ്പറായ സിഡി പ്രൊജക്ടിന്റെ ഡിസൈനര്‍മാര്‍ക്ക് വധഭീഷണി. ഗെയിം ഡെവലപ്പറായ സിഡി പ്രൊജക്ടിന്റെ സീനിയര്‍ ഗെയിം ഡിസൈനറായ ആന്ദ്രെസേജ് സവാദ്സ്കിയാണ് ട്വിറ്ററില്‍ ലഭിച്ച് ഭീഷണി സന്ദേശങ്ങള്‍ പുറത്തുവിട്ടത്.
"ഗെയിം പുറത്തുവിടൂ ഇല്ലെങ്കില്‍ നിങ്ങളുടെ അവസാനമാണ്", "സൈബര്‍ പങ്ക് പുറത്തിറക്കിയില്ലെങ്കില്‍ നിന്നെയും നിന്റെ കുടുംബത്തേയും ഉപദ്രവിക്കും". "ഗെയിം പുറത്തിറക്കിയില്ലെങ്കില്‍ നിന്നെ ജീവനോടെ കത്തിക്കും എന്നെല്ലാമാണ് ഭീഷണി".
സൈബര്‍ പങ്ക് ഗെയിമിന്റെ കാലതാമസത്തെ കുറിച്ച് ഒരു കാര്യം മാത്രമെ എനിക്ക് പറയാനുള്ളൂ. നിങ്ങള്‍ക്ക് ദേഷ്യം വരുന്നുണ്ടെന്നും, നിരാശരാണെന്നും, അതിനെ സംബന്ധിച്ചുള്ള അഭിപ്രായം ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമെല്ലാം എനിക്ക് മനസിലാവും. എന്നാല്‍ ഡെവലപ്പര്‍മാര്‍ക്ക് വധഭീഷണി അയക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ല. ഞങ്ങള്‍ നിങ്ങളെ പോലെ മനുഷ്യരാണ്. സവാദ്സ്കി ഒരു ട്വീറ്റില്‍ പറഞ്ഞു.
2016-ല്‍ നോ മാന്‍സ് സ്കൈ എന്ന ഗെയിം 49 ദിവസം വൈകിയതിന് ഡെവലപ്പര്‍ ഹെല്ലോ ഗെയിംസിലെ ഡെവലപ്പര്മാര്ക്കെതിരെയും സമാനമായ ആക്രമണ ഭീഷണി ഉയര്‍ന്നിരുന്നു.
ഈ വര്‍ഷം ആളുകള്‍ ഏറ്റവും അധികം കാത്തിരിക്കുന്ന വീഡിയോ ഗെയിമുകളിലൊന്നാണ് സൈബര്‍ പങ്ക് 2077. എന്നാല്‍ പല തവണയായി പ്രഖ്യാപിച്ച തീയതികള്‍ മാറിയതാണ് ആരാധകരെ അക്ഷമരാക്കിയത്.
2020 ഏപ്രിലില്‍ ഗെയിം പുറത്തിറക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ പിന്നീട് അത് സെപ്റ്റംബറിലേക്ക് മാറ്റി. അത് വീണ്ടും നവംബര്‍ 19 ലേക്ക് മാറ്റി. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത് ഡിസംബര്‍ പത്തിന് പുറത്തിറക്കുമെന്നാണ്.
പ്ലേ സ്റ്റേഷന് 4, പ്ലേസ്റ്റേഷന്‍ 5, എക്സ്ബോക്സ് വണ്‍, എക്സ്ബോക്സ് സീരീസ് എക്സ്/എസ്, പിസി, ഗൂഗിള്‍ സ്റ്റേഡിയ എന്നിവയില്‍ ഗെയിം റിലീസ് ചെയ്യും.
ഡെവലപ്പര്‍ ടീമിലുള്ളവരെല്ലാം വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇക്കാരണം കൊണ്ടാണ് ഗെയിം പുറത്തിറക്കുന്നത് വൈകുന്നത്.
Content Highlights: Cyberpunk 2077 developers receive death threats over delay
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..