ന്ത്യയിലെ ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ അക്കൗണ്ട് സ്വകാര്യത ഉറപ്പാക്കണമെന്ന് ദേശീയ സൈബര്‍ സുരക്ഷ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീമിന്റെ (സെന്‍ട്ട് ഇന്‍) മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ആഗോളതലത്തിലുണ്ടായ വിവരചോര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച സെര്‍ട്ട് അറിയിപ്പ് ഇറക്കിയത്. 61 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നത്.

ഇ-മെയില്‍ വിലാസം, പ്രൊഫൈല്‍ ഐ.ഡി., പേര്, പ്രവൃത്തി, ഫോണ്‍ നമ്പര്‍, ജനനത്തിയതി തുടങ്ങിയ വിവരങ്ങളാണ് ചോര്‍ത്തുന്നത്. ആഗോളതലത്തില്‍ ചോര്‍ത്തിയ 4.5 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ വിവിധ സൈബര്‍ ക്രിമിനല്‍ വേദികളില്‍ പരസ്യമായി ലഭിക്കുന്നുണ്ടെന്നും സെര്‍ട്ട്-ഇന്‍ വ്യക്തമാക്കി. അതേസമയം, സാമ്പത്തിക, ആരോഗ്യവിവരങ്ങള്‍, പാസ്വേഡ് തുടങ്ങി നിര്‍ണായകവിവരങ്ങള്‍ ചോര്‍ന്നിട്ടില്ല എന്നാണ് ഫെയ്‌സ്ബുക്കിന്റെ അവകാശവാദം.

ഓണ്‍ലൈന്‍ വിവരചോര്‍ച്ചയുടെ കാര്യം സെര്‍ട്ടിലെ സൈബര്‍ വിദഗ്ധര്‍ ഈ മാസം ആദ്യംതന്നെ ഫെയ്സ്ബുക്കിനെ അറിയിച്ചിരുന്നു. ആളുകളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഫെയ്ബുക്കില്‍ അവരെ കണ്ടെത്താന്‍ സഹായിക്കുന്ന ഫെയ്സ്ബുക്കിന്റെതന്നെ സവിശേഷതയായ 'കോണ്‍ടാക്റ്റ് ഇംപോര്‍ട്ടര്‍' വഴിയാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. 2019-ല്‍ ഓഗസ്റ്റില്‍തന്നെ ഇതേക്കുറിച്ച് അറിയാമായിരുന്നെന്നും ആ സെപ്റ്റംബറില്‍ പ്രശ്‌നം പരിഹരിച്ചതായും കമ്പനി പറയുന്നു.

വിവരചോര്‍ച്ച തടയാന്‍ അക്കൗണ്ടുകളുടെ സ്വകാര്യതാ സെറ്റിങ്സില്‍ മാറ്റം വരുത്താനാണ് കമ്പനി നിര്‍ദേശിക്കുന്നത്. സ്വകാര്യത ആവശ്യമുള്ള വിവരങ്ങള്‍ ആര്‍ക്കും കാണാവുന്ന പബ്ലിക് പരിധിയില്‍ വെക്കരുതെന്നും ഏതെല്ലാം വിവരങ്ങള്‍ ആരെല്ലാമായി പങ്കുവെക്കണമെന്നതും ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആര്‍ക്കെല്ലാം നിങ്ങളെ തിരയാമെന്നതും പ്രൈവസി സെറ്റിങ്‌സ് വഴി നിയന്ത്രിക്കാനാണ് ഉപയോക്താക്കളോട് ഫെയ്‌സ്ബുക്കിന്റെ നിര്‍ദേശം. ഇത് പാലിക്കാനാണ് സെര്‍ട്ട്- ഇന്‍ ഉപദേശിക്കുന്നത്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേറ്റാ അനലൈസിങ് സ്ഥാപനം കേംബ്രിജ് അനലിറ്റിക്ക 8.7 കോടി ഫെയ്സ്‌ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ 2018 മാര്‍ച്ചില്‍ ചോര്‍ത്തിയത് ഫെയ്‌സ്ബുക്കിനെ നിയമക്കുരുക്കിലാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഉപഭോക്താക്കളില്‍നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ തിരഞ്ഞെടുപ്പില്‍ സ്വധീനിക്കാനായി ഉപയോഗിച്ചോ എന്ന കാര്യം സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്.

Content Highlights: Cyber Security Says Facebook Users Ensure The Privacy