വാഷിങ്ടണ്‍: വിവേചനമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ഉറപ്പുവരുത്തുന്നതിനായി ഒബാമ ഭരണകൂടം കൊണ്ടുവന്ന നെറ്റ് ന്യൂട്രാലിറ്റി അഥവാ ഇന്റര്‍നെറ്റ് സമത്വനിയമം അസാധുവാക്കിയ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്തുകൊണ്ട് വിവിധ കക്ഷികള്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയില്‍ കൊളംബിയയിലെ അപ്പീല്‍ കോടതി വാദം കേട്ടു. സാങ്കേതിക രംഗത്തെ വിവിധ കമ്പനികളും 22 അമേരിക്കന്‍ സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്. 

അമേരിക്കയിലെ കേബിള്‍, വയര്‍ലെസ്, ബ്രോഡ്ബാന്റ് സേവനദാതാക്കള്‍ വെബ്‌സൈറ്റുകള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും ടെലികോം നെറ്റ് വര്‍ക്കില്‍ വിലക്കേര്‍പ്പെടുത്തുന്നതും നെറ്റ്ഫ്‌ളിക്‌സ് പോലുള്ള വീഡിയോ സേവനങ്ങള്‍ ഉപയോക്താക്കളിലേക്ക് വേഗതയില്‍ എത്തണമെങ്കില്‍ അധികചാര്‍ജ് ഈടാക്കുന്നതും വിലക്കുന്നതാണ് 2015 ല്‍ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് അവതരിപ്പിച്ച ഇന്റര്‍നെറ്റ് സമത്വ നിയമം. 

ഇരു കക്ഷികളും ഉയര്‍ത്തിയ വാദങ്ങളോരോന്നും കോടതിയിലെ മൂന്നംഗ ജഡ്ജ്‌മെന്റ് പാനല്‍ ചോദ്യം ചെയ്തു. 

ട്രംപ് ഭരണകൂടം പിന്‍വലിച്ച ഇന്റര്‍നെറ്റ് സമത്വനിയമം തിരികെ കൊണ്ടുവരണമെന്ന് കമ്പനികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അമേരിക്കയിലെ കമ്മ്യൂണിക്കേഷന്‍ നിയമത്തിന്റെ നെഞ്ചില്‍ കയറ്റിയ കത്തിയാണ് ഇന്റര്‍നെറ്റ് സമത്വനിയമം പിന്‍വലിച്ചുകൊണ്ടുള്ള ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്റെ തീരുമാനമെന്ന് അഭിഭാഷകന്‍ പാന്റലിസ് മൈക്കലോപൗലോസ് പറഞ്ഞു.

ഫയര്‍ഫോക്‌സ് വെബ് ബ്രൗസറിന്റെ നിര്‍മാതാക്കളായ മോസില്ല, വീഡിയോ ഷെയറിങ് സേവനമായ വിമിയോ പോലുള്ള കമ്പനികളാണ് നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരിക്കുന്നത്. 

ഇന്റര്‍നെറ്റ് സേവനത്തെ ടെലികോം സേവനമെന്ന ഗണത്തില്‍ പെടത്താതെ വിവരവിതരണ സേവനമെന്ന ഗണത്തിലാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. 

ഇന്റര്‍നെറ്റ് വിവരങ്ങള്‍ കൈമാറുന്നതിനാണ് ഉപയോഗിക്കുന്നത്. അത് ഒരു ടെലിഫോണ്‍ സേവനത്തിന്റെ പ്രവര്‍ത്തന രീതിയില്‍ നിന്നും വ്യത്യാസമുണ്ട്. അതുകൊണ്ട് ഒരു വിവര വിതരണ സേവനമെന്ന രീതിയിലാണ് ഇന്റര്‍നെറ്റിനെ നിയന്ത്രിക്കേണ്ടത്. ഫെസിസി അഭിഭാഷകന്‍ തോമസ് ജോണ്‍സണ്‍ പറഞ്ഞു.

ഈ നിലപാട് കോടതി ചോദ്യം ചെയ്തു. ടെലിഫോണ്‍ സേവനങ്ങളും ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗ സേവനത്തിന് കൂടുതല്‍ പണം ഈടാക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. പലവാദങ്ങളും വിശദീകരിക്കുന്നതില്‍ തോമസ് ജോണ്‍സണ്‍ പാടുപെട്ടു. 

2015 ലെ നിയമങ്ങള്‍ അസാധുവാക്കാന്‍ എഫ്.സി.സി.യ്ക്ക് അധികാരമുണ്ടോ എന്നും ഇന്റര്‍നെറ്റ് സമത്വനിയമം നടപ്പിലാക്കുന്നതില്‍ നിന്നും എഫ്.സി.സി.യെ മാറ്റിനിര്‍ത്തണമോ എന്നും കോടതി പരിശോധിക്കുകയാണ്. ഇന്റര്‍നെറ്റ് സമത്വനിയമം പിന്‍വലിച്ച എഫ്.സി.സി. തീരുമാനം പിന്‍വലിക്കണോ വേണ്ടയോ എന്നും ഇതു സംബന്ധിച്ച നിയമ പരിഷ്‌കാരങ്ങളും ഇനി കോടതി തീരുമാനിക്കും.

Content highlights: Court battle begins over net neutrality