കൊ​റോണ വൈറസ് ലോകവ്യാപകമായി ഭീതി പടര്‍ത്തുന്ന സാഹചര്യം മുതലെടുത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വാര്‍ത്തകളും തെറ്റിദ്ധാരണ പരത്തുന്ന ഉപദേശങ്ങളും പ്രചരിക്കുന്നു.  മദ്യപിച്ചാല്‍ കോറോണ വൈറസിനെ പ്രതിരോധിക്കാമെന്നും തൊണ്ട വരണ്ടാല്‍ പത്ത് മിനിറ്റിനുള്ളില്‍ വൈറസ് ശരീരത്തില്‍ കടക്കുമെന്നും വേവിച്ച വെളുത്തുള്ളി കൊറോണയെ ചെറുക്കാന്‍ ഫലപ്രദമാണെന്നും ഉള്‍പ്പടെയുള്ള തെറ്റായ വിവരങ്ങളാണ് വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള ജനകീയമായ സേവനങ്ങള്‍ വഴി പ്രചരിക്കുന്നത്. കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. 

ഈ സാഹചര്യത്തില്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സേവനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയാണ്. കൊറോണ വൈറസ് സംബന്ധിച്ച വ്യാജ വാര്‍ത്തയും തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങളും നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ഈ സേവനങ്ങള്‍ ശക്തമാക്കിയതായാണ് വിവരം. 

ഫെയ്‌സ്ബുക്ക് സേവനങ്ങളിലെ വ്യാജ വാര്‍ത്താ പ്രചാരണം തടയുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാംകക്ഷി വസ്തുതാ പരിശോധക സംഘങ്ങളാണ് ഫെയ്‌സ്ബുക്കിന് വേണ്ടി വ്യാജ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനായി പ്രവര്‍ത്തിച്ചുവരുന്നത്. 

ഈ സംഘങ്ങള്‍ കൊറോണ വൈറസ് സംബന്ധിച്ച വ്യാജ ഉള്ളടക്കങ്ങള്‍ കണ്ടെത്തി ഫെയ്‌സ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്യും. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങള്‍ വീണ്ടും പ്രചരിക്കുന്നത് ഫെയ്‌സ്ബുക്ക് തടയും. 

ട്വിറ്ററിലെ ട്രെന്‍ഡുകള്‍, സെര്‍ച്ചുകള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ ദുരുപയോഗ സാധ്യതതടയുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ട്വിറ്ററും വ്യക്തമാക്കി.  

കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സമൂഹമാധ്യമങ്ങള്‍ ആരംഭിച്ചത്.