കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കി മാതൃകയായ മലയാളി സ്റ്റാര്‍ട്ട് അപ്പിന് സോഫ്റ്റ് വെയര്‍ കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോമിന്റെ പ്രശംസ. തൊഴിലിടത്തിലെ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്ന  17 കമ്പനികളില്‍ ഒന്നായാണ് കോഴിക്കോട് ഹൈലറ്റ് ബിസിനസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കോഡ്‌ലാറ്റിസ് എന്ന സോഫ്റ്റ് വെയര്‍ സ്ഥാപനത്തേയും നാസ്കോം തിരഞ്ഞെടുത്തത്.

വെല്ലുവിളി നിറഞ്ഞ ലോകത്തില്‍ തൊഴിലിടങ്ങളിലെ വൈവിധ്യം, തുല്യത, ഉള്‍ക്കൊള്ളല്‍ (Inclusion) എന്നിവയുമായി ബന്ധപ്പെട്ട് നാസ്‌കോം ഫൗണ്ടേഷന്‍ നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് കോഡ്‌ലാറ്റിസും ഇടം പിടിച്ചത്. ഇന്‍ഫോസിസ്, വിപ്രോ, ബാര്‍ക്ലെയ്‌സ്, വെറൈസണ്‍, ഐബിഎം പോലുള്ള വന്‍കിട കമ്പനികള്‍ നാസ് കോം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 17 പേരുടെ പട്ടികയിലുണ്ട്.
 
2020 ലെ ലോക്ക്ഡൗണ്‍ സമയത്താണ് അംഗപരിമിതരായ അഞ്ച് പേര്‍ക്ക് കോഡ്‌ലാറ്റിസ് തൊഴില്‍ നല്‍കിയത്. കമ്പനിയുടെ സെയില്‍സ് വിഭാഗത്തിലേക്കാണ് ഇവര്‍ക്ക് അവസരം നല്‍കിയത്.  ഇതില്‍ രണ്ട് പേര്‍ ജോലി ഉപേക്ഷിച്ചെങ്കിലും നിലവില്‍ മൂന്ന് പേര്‍ കോഡ്‌ലാറ്റിസിന് വേണ്ടി വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ട്. ഇതില്‍ രണ്ട് പേര്‍ പുരുഷന്മാരും ഒരു വനിതയുമാണ്.

സാധാരണ വന്‍കിട കമ്പനികള്‍ മാത്രമാണ് ഇത്തരത്തിലൊരു പരിഗണന ഭിന്നശേഷിക്കാര്‍ക്ക് നല്‍കാറുള്ളതെന്ന് കോഡ്‌ലാറ്റിസ് സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ കോഴിക്കോട് സ്വദേശി വിജിത് ശിവദാസന്‍ പറയുന്നു. സാമ്പത്തിക വെല്ലുവിളികള്‍ പേടിച്ചാണ് പലരും അതിന് മുതിരാത്തത്. എന്നാല്‍ തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും ഇതുവഴി കമ്പനിയ്ക്ക് നേട്ടം തന്നെയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Codelatticeജീവനക്കാര്‍ക്കിടയില്‍ വൈവിധ്യം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഭിന്നശേഷിക്കാരായ ജീവനക്കാരുടെ ശാരീരിക മാനസികാവസ്ഥകള്‍ തിരിച്ചറിഞ്ഞുള്ള പരിഗണനയും പരിശീലനവും തങ്ങള്‍ നല്‍കുന്നുണ്ടെന്ന് വിജിത് പറഞ്ഞു.

ശാരീരികമായ വെല്ലുവിളികള്‍ക്കൊപ്പം തന്നെ വലിയ മാനസിക പിരിമുറുക്കങ്ങളും നേരിടുന്നവരായിരിക്കും ഭിന്നശേഷിക്കാരായ ജീവനക്കാര്‍. ഇക്കാരണം കൊണ്ടുതന്നെ അവര്‍ക്ക് പ്രത്യേക പരിഗണനയും പരിശീലനവും ആവശ്യമാണ്. അത് ഞങ്ങള്‍ നല്‍കുന്നുണ്ട്. കമ്പനിയിലെ മറ്റ് ജീവനക്കാരെ പോലെ തന്നെ കഴിവുള്ളവരാണ് പുതിയതായി നിയമിച്ചവരെന്നും വിജിത് ശിവദാസന്‍ പറഞ്ഞു.

ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് ഓഫീസില്‍ വരേണ്ടതില്ല. അവര്‍ക്ക് സ്ഥിരമായി വീട്ടില്‍ ഇരുന്ന് തന്നെ ജോലി ചെയ്യാം

വൈവിധ്യവല്‍കരണത്തിന്റെ അടുത്തഘട്ടമായി സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഉള്‍പ്പെടുന്ന എല്‍ജിബിടിക്യൂ വിഭാഗത്തേയും റിക്രൂട്ട് ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത് നിലവില്‍ കോഡ്‌ലാറ്റിസിലെ 42 ശതമാനം തൊളിലാളികളും മാനേജ്‌മെന്റ് തലത്തിലുള്ള 70 ശതമാനം പേരും സ്ത്രീകളാണ്.

2009 ല്‍ കോഴിക്കോട് സ്വദേശികളായ വിജിത് ശിവദാസന്‍, അക്‌സല്‍ ബാലകൃഷ്ണന്‍, നിപുണ്‍ ബാലന്‍ തെക്കുമ്മല്‍ എന്നിവര്‍ ചേര്‍ന്നാണ് കോഡ്‌ലാറ്റിസിന് തുടക്കമിട്ടത്.