വാന്‍കോവർ: മുന്‍നിര ടെക്‌നോളജി സ്ഥാപനമായ വാവേ (Huawei)യുടെ ഉപമേധാവിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മെങ് വാന്‍ഷോ കാനഡയില്‍ അറസ്റ്റിലായി. ഇവരെ ഡിസംബര്‍ ഒന്നിന് വാന്‍കോവറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധവുമായി ബന്ധപ്പെട്ട ലംഘനമാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് വിവരം. എന്നാല്‍ അറസ്റ്റിനുള്ള കാരണമെന്തെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ല. 

വാവേയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റെന്‍ ഷെങ്‌ഫെയുടെ മകളാണ് അറസ്റ്റിലായ മെങ് വാന്‍ഷോ.

മെങ്ങിന് മേല്‍ ചുമത്തിയ കുറ്റമെന്തെന്ന് വ്യക്തമല്ലെന്നും അവരുടെ ഭാഗത്ത് നിന്നും തെറ്റുകളെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് അറിവില്ലെന്നുമാണ് വാവേയുടെ പ്രതികരണം.

Huaweiഅതേസമയം ചൈനയില്‍ നിന്നും വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ കാനഡയിലെ ചൈനീസ് എംബസി പ്രതിഷേധം അറിയിച്ചു. ഇരുകൂട്ടരും തമ്മില്‍ ശക്തമായ വ്യാപാരയുദ്ധത്തിലാണുള്ളത്. ഇരു രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുനീക്കത്തിന് പരസ്പരം കനത്ത നികുതിയാണ് അമേരിക്കയും ചൈനയും ചുമത്തിവരുന്നത്. 

അമേരിക്കയ്ക്ക് കൈമാറുന്നതിന് വേണ്ടിയാണ് അറസ്റ്റ് എന്നാണ് കാനഡ അധികൃതരില്‍ നിന്നുള്ള വിശദീകരണം. ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കുമെന്നും കാനഡ വ്യക്തമാക്കി. വിവരങ്ങള്‍ പരസ്യമാക്കരുതെന്ന് മെങ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും കാനഡ അധികൃതര്‍ പറഞ്ഞു. 

ഇറാനുമേലുള്ള ഉപരോധവുമായി ബന്ധപ്പെട്ട ലംഘനത്തിന്റെ പേരില്‍ വാവേയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉത്തരകൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്ക് മേലുള്ള അമേരിക്കന്‍ ഉപരോധ ലംഘനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വാണിജ്യ, ട്രഷറി വകുപ്പുകള്‍ കമ്പനിയിക്കെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്നാണ് വിവരം. 

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പേരിലും അമേരിക്ക വാവേയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. വാവേയുടെ സാങ്കേതിക വിദ്യ ചൈനീസ് സര്‍ക്കാരിനെ ചാരപ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്നുവെന്ന ആരോപണവും അമേരിക്ക ഉന്നയിച്ചിരുന്നു.

Content Highlights: Chinese Tech Giant Huawei's CFO Arrested inc canada