മുംബൈ: ഇന്ത്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ 2020 ല്‍ വലിയ രീതിയിലുള്ള ഹാക്കിങ് ശ്രമങ്ങള്‍ നടന്നുവെന്ന് പഠന റിപ്പോര്‍ട്ട്. പ്രധാനമായും ഊര്‍ജവിതരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന സൈബർ ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്ന് യുഎസ് ആസ്ഥാനമായ സൈബര്‍ സുരക്ഷാ സ്ഥാപനം റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

ചൈനീസ് ഹാക്കര്‍മാര്‍ നിക്ഷേപിച്ച മാല്‍വെയര്‍ മൂലം എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എങ്കിലും 2020 ഒക്ടോബര്‍ 13 ന് മുംബൈയില്‍ വ്യാപകമായി വൈദ്യുതി വിതരണം മുടങ്ങിയതിന് കാരണം ചൈനീസ് മാല്‍വെയര്‍ ആണെന്ന് ആരോപിക്കപ്പെടുന്നുണ്ട്. 

രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന വൈദ്യുതി മുടക്കം സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അടച്ചുപൂട്ടാന്‍ കാരണമായി. ട്രെയിനുകള്‍ റദ്ദാക്കുകയും മുംബൈ, താനെ, മാവി മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും വലിയ ഏറ്റവും വലിയ ഊര്‍ജ വിതരണ കമ്പനിയായ എന്‍ടിപിസി ലിമിറ്റഡ്, വൈദ്യുതി ആവശ്യവും വിതരണവും സന്തുലിതമാക്കി ദേശീയ പവര്‍ ഗ്രിഡിന്റെ മാനേജ്‌മെന്റിനെ നടത്തിപ്പിന് സഹായിക്കുന്ന അഞ്ച് പ്രാദേശിക ലോഡ് ഡെസ്പാച്ച് സെന്ററുകള്‍ എന്നിവയും ഒപ്പം രണ്ട് തുറമുഖങ്ങളും സൈബര്‍ ആക്രമണത്തിനിരയായ സ്ഥാപനങ്ങളാണ്. 

ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് സൈബര്‍ ആക്രമണം ശക്തമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

Content HIghlights: chinese hackers targeting indian power supply