China Launches Its First Space Laboratory Module Tiangong-1 | Photo: gettyimages
ഇലോണ്‍മസ്കിന്റെ സ്പേസ് എക്സ് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് തങ്ങളുടെ ബഹിരാകാശ നിലയത്തെ സംരക്ഷിക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ട് ചൈന. സ്റ്റാര്‍ലിങ്ക് പദ്ധതിയുടെ ഭാഗമായി വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങള്‍ ചൈനയുടെ ടിയാങ്ഗോങ് നിലയത്തിന് അപകട ഭീഷണിയാണെന്ന് ചൈന പറയുന്നു.
ചൈനയുടെ മൂന്ന് സഞ്ചാരികള്‍ ഇപ്പോള്‍ ടിയാങ്ഗോങിലുണ്ട്. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ നിലയം നീക്കേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമാധാനപരമായ ബഹിരാകാശ ഉപയോഗത്തിന് വേണ്ടിയുള്ള യുഎന്‍ കമ്മിറ്റിയെ ചൈന സമീപിച്ചത്
ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടാവാതിരിക്കാന്‍ യുഎസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ചൈനീസ് വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. 1967 ലെ ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗം സംബന്ധിച്ച ഉടമ്പടി വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ യുഎസ് പരാജയപ്പെട്ടുവെന്നും ഷാവോ ആരോപിക്കുന്നു. അതേസമയം ബെയ്ജിങിലെ അമേരിക്കന്‍ എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല.
ചൈനയുടെ ഏറെകാലത്തെ പരിശ്രമ ഫലമായാണ് വീണ്ടും ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ സാധിച്ചത്. അമേരിക്കയുടെ മുഖ്യ എതിരാളിയായതിനാല്‍ തന്നെ ഇത് ചൈനയുടെ അഭിമാന പദ്ധതികൂടിയാണ്. അമേരിക്കയുടെ പങ്കാളിത്തത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെ ഘട്ടം ഘട്ടമായ വികസന പ്രവര്‍ത്തനങ്ങളും ടിയാങ്ഗോങില്‍ നടക്കേണ്ടതുണ്ട്.
ഏപ്രിലിലാണ് ടിയാങ്ഗോങ് വിക്ഷേപിച്ചത്. 90 ദിവസം ചിലവഴിച്ച ആദ്യ ഗവേഷക സംഘം സെപ്റ്റംബറില്‍ ഭൂമിയില്‍ തിരിച്ചെത്തുകയും ആറ് മാസത്തെ ഉദ്യമത്തിനായി രണ്ട് പുരുഷന്മാരും ഒരു വനിതയും ഉള്‍പ്പെടുന്ന സംഘം ഒക്ടോബര്‍ 16 ന് നിലയത്തില്‍ എത്തുകയും ചെയ്തു.
2000 സ്റ്റാര്‍ലിങ്ക് ഉപഗ്രങ്ങള്‍ വിക്ഷേപിക്കാനാണ് സ്പേസ് എക്സിന്റെ പദ്ധതി. എന്നാല്‍ ഭൂമിയുടെ പല ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്ന ഈ ഉപഗ്രങ്ങള്‍ ബഹിരാകാശ നിരീക്ഷണത്തിനും മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തിനും മറ്റും പലവിധ ഭീഷണികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന ആരോപണമുണ്ട്.
Content Highlights: China urges US to protect its space station from satellites
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..