സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും പൊതു സ്ഥാപനങ്ങളില്‍ നിന്നും വിദേശ നിര്‍മിത കംപ്യൂട്ടര്‍ ഉപകരണങ്ങളും സോഫ്റ്റ് വെയറുകളും നീക്കം ചെയ്യണമെന്ന ഉത്തരവുമായി ചൈന. ഉത്തരവ് നടപ്പിലാക്കാന്‍ മൂന്ന് വര്‍ഷം സമയം നല്‍കിയിട്ടുണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ നടപടിയ്ക്ക് മറുപടിയെന്നോണമാണ് ചൈനയുടെ ഈ നീക്കം.
അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികളായ എച്ച്പി, ഡെല്‍, മൈക്രോസോഫ്റ്റ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാവും. ഇതോടെ അമേരിക്കയും ചൈനയും തമ്മിലുണ്ടായ വ്യാപാരയുദ്ധം ഒരു സാങ്കേതികവിദ്യാ ശീതയുദ്ധമായി മാറുകയാണ്.
മേയില്‍ ചൈനീസ് കമ്പനിയായ വാവേയുമായി വ്യാപാര ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും അമേരിക്കന്‍ കമ്പനികളെ വിലക്കിക്കൊണ്ട് ട്രംപ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഗൂഗിള്‍,ഇന്റെല്‍, ക്വാല്‍കോം പോലുള്ള സ്ഥാപനങ്ങള്‍ കമ്പനിയുമായുള്ള ഇടപാടുകള്‍ മരവിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇത് ആദ്യമായാണ് വിദേശ സാങ്കേതിക വിദ്യയില്‍ നിന്നും അകലം പാലിക്കണം എന്ന് തരത്തില്‍ ഒരു പരസ്യമായ നീക്കം ചൈനയുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്. ഇതോടെ ചൈനയ്ക്ക് ആഭ്യന്തര ഉല്‍പ്പന്നങ്ങളെ മാത്രം ആശ്രയിക്കേണ്ടി വരും.
ഉത്തരവനുസരിച്ച് മൂന്ന് കോടിയോളം ഉപകരണങ്ങള്‍ മാറ്റേണ്ടി വരുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 മുതല്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കും. എന്നാല്‍ ഉത്തരവ് നടപ്പിലാക്കുന്നതില്‍ ഏറെ വെല്ലുവിളിയുണ്ട്. കാരണം വിദേശ നിര്‍മിതമായ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പകരം ഉല്പന്നങ്ങള്‍ കണ്ടെത്തുക പ്രയാസമാണ്. ചൈനീസ് കമ്പനിയായ ലെനോവോയുടെ കംപ്യൂട്ടറുകളെ ആശ്രയിക്കുന്നതും വെല്ലുവിളിയാണ്. കാരണം ലെനോവോ കംപ്യൂട്ടറുകളില്‍ ഉപയോഗിച്ചുള്ള ഭാഗങ്ങളും അമേരിക്കന്‍ നിര്‍മിതമാണ്.
അതേസമയം വാവേയ്ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് കമ്പനിയെ കാര്യമായി ബാധിക്കില്ലെന്നാണ് ചൈനയിലെ ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഹു ഷിജിന്‍ പറയുന്നത്. കാരണം ഏറെ വര്‍ഷങ്ങളായി ഇങ്ങനെ ഒരു സംഘര്‍ഷം നേരിടുന്നതിനായുള്ള പദ്ധതിയിലായിരുന്നു വാവേ. ഇതോടെ അമേരിക്കയെ നേരിടാനായി മൈക്രോ ചിപ്പ് വ്യവസായം സ്വന്തമായി സ്ഥാപിക്കന്‍ വാവേയ്ക്ക് പ്രചോദനമാവും. അമേരിക്കയുടെ നിരോധനത്തെ തുടര്‍ന്ന് മൈക്രോ ചിപ്പ് നിര്‍മാണത്തിനാതിനായുള്ള ഗവേഷണങ്ങളും മുന്നോരുക്കങ്ങളും ചൂടുപടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. താമസിയാതെ ചൈനീസ് ജനത അമേരിക്കന്‍ നിര്‍മിത സാങ്കേതിക വിദ്യയെ കുറിച്ച് ആശങ്കയില്ലാത്തവരാവും.
Content Highlights: China ordered government offices to remove all foreign computer equipment and softwares