ചൈന വിക്ഷേപിച്ച ചാങ്അ -5 ചാന്ദ്ര പര്യവേക്ഷണ വാഹനം ചന്ദ്രനില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുമായി വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭൂമിയില്‍ തിരിച്ചിറങ്ങിയത്. മംഗോളിയയിലെ വടക്കന്‍ മേഖലയിലാണ് പേടകം തിരിച്ചിറങ്ങിയത്.
1970-കള്‍ക്ക് ശേഷം ആദ്യമായി ചന്ദ്രനില്‍നിന്നു പാറകളും മണ്ണും ഉള്‍പ്പെടുന്ന സാമ്പളുകള്‍ ഭൂമിയിലെത്തിക്കുന്ന രാജ്യമാണ് ചൈന. ഈ ദൗത്യം വിജയകരമാക്കിയ മൂന്നാമത്തെ രാജ്യമെന്ന നേട്ടവും ചൈനയ്ക്കാണ്.
പേടകത്തില്‍നിന്ന് സാമ്പിളുകള്‍ അടങ്ങുന്ന പെട്ടി പുറത്തെടുക്കുന്ന വീഡിയോ ദൃശ്യം ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. ചൈനീസ് സര്‍ക്കാര്‍ അംഗീകൃത മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ചാണ് പേടകം തുറന്നത്.
Lets unbox the package from the moon!🌕🌕🌕
— CGTN (@CGTNOfficial) December 19, 2020
The China Aerospace Science and Technology Corporation unveiled Chang'e-5 return capsule carrying lunar samples. Scientists are eagerly waiting to start studying the specimens from the moon. pic.twitter.com/C2f4QtFyl5
ചന്ദ്രന്റെ രൂപീകരണം ഉള്‍പ്പെടെയുള്ള രഹസ്യങ്ങള്‍ അറിയുകയാണ് ഇതുവഴി ചൈനയുടെ ലക്ഷ്യം. ഭൂമിയിലിരുന്ന് കൊണ്ട് ബഹിരാകാശ വസ്തുക്കള്‍ വിജയകരമായി തിരിച്ചിറക്കാന്‍ സാധിക്കുമെന്നും ചൈന ലോകത്തിന് കാണിച്ചുകൊടുത്തു.
ചൈനയുമായുള്ള നയതന്ത്ര ബന്ധങ്ങളുടെ അടിസ്ഥാനത്തിലാവും ചന്ദ്രനില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും വിവരങ്ങളും മറ്റുള്ള രാജ്യങ്ങളുമായി പങ്കുവെക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനുള്ള വ്യവസ്ഥകള്‍ ചൈന പുറത്തുവിടും.
ചൈനയുമായി നേരിട്ടുള്ള പങ്കാളിത്തത്തിന് വിലക്ക് പ്രഖ്യാപിച്ചിട്ടുള്ള അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയ്ക്ക് നിര്‍ഭാഗ്യവശാല്‍, സാമ്പിളുകള്‍ കൈമാറാന്‍ സാധിക്കില്ലെന്നും ചൈനീസ് നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി വു യാന്‍ഹുവ വ്യക്തമാക്കി.

സൗഹൃദ സ്ഥാപനങ്ങള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ലൂണാര്‍ സാമ്പിളുകള്‍ നല്‍കാന്‍ ചൈനീസ് സര്‍ക്കാര്‍ തയ്യാറാണ്. അമേരിക്കന്‍ നയത്തെ ആശ്രയിക്കാതെ സഹകരിക്കാന്‍ സാധിക്കണം. പകരത്തിന് പകരം എന്നോണം തുല്യമായ നേട്ടം ഇരു രാജ്യങ്ങള്‍ക്കും ലഭിക്കുമെങ്കില്‍ അമേരിക്കന്‍ ഏജന്‍സികളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വു യാന്‍ഹുവ പറഞ്ഞു.
ചന്ദ്രനില്‍നിന്ന് രണ്ട് കിലോഗ്രാം ഭാരമുള്ള സാമ്പിളുകള്‍ ശേഖരിക്കാനായിരുന്നു ചൈനയുടെ പദ്ധതി. എന്നാല്‍ ചാങ്അ-5 എത്രത്തോളം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല.
Content Highlights: China opened Chang'e-5 return capsule carrying lunar samples