നുഷ്യന് ചെയ്യാവുന്നതെല്ലാം യന്ത്രങ്ങളെകൊണ്ട് ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലാണ് സാങ്കേതിക ലോകം. യന്ത്രങ്ങള്‍ ചിന്തിച്ചുതുടങ്ങുന്നകാലമാണിത്. കായികാധ്വാനം വേണ്ടയിടങ്ങളെ കൂടാതെ മനുഷ്യബുദ്ധികൂടി വേണ്ടയിടങ്ങളും യന്ത്രങ്ങള്‍ കയ്യടക്കിക്കൊണ്ടിരിക്കുന്നു. മറ്റെല്ലായിടങ്ങളേയും പോലെ മാധ്യമരംഗത്തും റോബോട്ടുകള്‍ കടന്നുവന്നുകഴിഞ്ഞു. ഇതാ മനുഷ്യര്‍ മാത്രം കയ്യടക്കിയിരുന്ന വാര്‍ത്താ അവതരണ ജോലി സാങ്കേതിക വിദ്യ ഏറ്റെടുത്തിരിക്കുന്നു.

ചൈനയില്‍ നടന്ന അഞ്ചാമത് വേള്‍ഡ് ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സിലാണ് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാര്‍ത്താ അവതരണം എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്. ചൈനയിലെ ഷിന്‍ഹ്വ ന്യൂസ് ഏജന്‍സിയും ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ കമ്പനി സോഗുവും (sogou) ചേര്‍ന്ന് ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും വാര്‍ത്ത അവതരിപ്പിക്കാന്‍ കഴിവുള്ള നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വാര്‍ത്താ അവതാരകരെയാണ് അവതരിപ്പിച്ചത്. 

ദൈനം ദിന ടിവി ന്യൂസ് റിപ്പോര്‍ട്ട് അവതരണത്തിലെ ചിലവ് കുറയ്ക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം ദിവസം 24 മണിക്കൂറും ഇടവേളയില്ലാതെ പ്രവര്‍ത്തിക്കാന്‍ ഈ സാങ്കേതിക വിദ്യയ്ക്കാവും. ബ്രേക്കിങ് വാര്‍ത്തകള്‍ പെട്ടെന്ന് തയ്യാറാക്കാനും അവതരിപ്പിക്കാനും ഇതിന് കഴിവുണ്ട്. 

മനുഷ്യ അവതാരകരുടെ ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ചാണ് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ യാഥാര്‍ത്ഥ്യമാക്കിയത്. അതായത് ടെലിവിഷനില്‍ കാണുക മനുഷ്യ അവതാരകരുടെ രൂപവും ശബ്ദവുമാണെങ്കിലും അത് നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. മനുഷ്യ അവതാരകര്‍ തന്നെയാണ് വായിക്കുന്നതെന്ന് കണ്ടാല്‍ തോന്നും.

മെഷീന്‍ ലേണിങ് സംവിധാനം ഉപയോഗിച്ച് യഥാര്‍ത്ഥ വാര്‍ത്താ അവതാരകരെ പോലെ ചുണ്ടുകളനക്കാനും ഭാവങ്ങള്‍ പ്രകടിപ്പിക്കാനും ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. 

നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ പ്രായോഗികതലത്തിലുള്ള മറ്റൊരു സാധ്യതയാണ് ഇത്. മനുഷ്യന് പകരം വെക്കാന്‍ സാധിക്കും വിധം ഈ സാങ്കേതിക വിദ്യ വളര്‍ച്ചപ്രാപിച്ചുകൊണ്ടിരിക്കുകയാണ്.

Content Highlights: China gets a virtual TV news anchor