Representational Image | Photo: Mathrubhumi
ചാറ്റ് ജിപിടി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് സാങ്കേതിക വിദ്യാ രംഗത്ത് വലിയ ഇളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഏത് ചോദ്യത്തിനും മറുപടി തരാന്‍ കഴിയുന്ന ഏന്ത് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയുന്ന ഈ ചാറ്റ് ബോട്ടിന് മനുഷ്യസമാനമായ രീതിയില്‍ ആളുകളോട് സംവദിക്കാനുള്ള കഴിവുണ്ട്.
മൈക്രോസോഫ്റ്റിന് നിക്ഷേപമുള്ള ഗവേഷണ സ്ഥാപനനമായ ഓപ്പണ്‍ എഐ അവതരിപ്പിച്ച ഈ ചാറ്റ് ബോട്ടിന് ആഗോള സെര്‍ച്ച് ഭീമനായ ഗൂഗിളിന്റെ അടിത്തറയിളക്കാന്‍ ശേഷിയുണ്ടെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അത്തരം ഒരു സാധ്യത ഒരു സംവാദ വിഷയമാണ് എങ്കിലും, ചാറ്റ് ജിപിടിയുടെ സ്വാധീനം വലിയ രീതിയില്‍ സാങ്കേതിക വിദ്യാ വ്യവസായ രംഗത്തുണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ചില സംഭവവികാസങ്ങള്‍.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഗൂഗിള്‍
നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനിടയുള്ള ഒരു കൂട്ടം വെബ് പേജുകളിലേക്കുള്ള ലിങ്കുകള്‍ നല്‍കുകയാണ് ഗൂഗിള്‍ സെര്‍ച്ച് ചെയ്തുവരുന്നത്. എന്നാല്‍ അതില്‍ നിന്ന് ഏറെ മുന്നേറി, നമുക്ക് വേണ്ട വിവരം ലളിതമായ വാക്കുകളില്‍ വിവരിച്ച് നല്‍കാന്‍ ചാറ്റ് ജിപിടിക്ക് സാധിക്കുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ കാണുന്ന പലവിധ സൈറ്റുകള്‍ തിരഞ്ഞ് അപഗ്രഥിച്ച് നമുക്ക് വേണ്ട വിവരം നമ്മള്‍ കണ്ടെത്തിയെടുക്കുന്നതിന് പകരം ആ ജോലിസ്വയം ഏറ്റെടുത്ത് ചെയ്യുകയും നമുക്ക് ആവശ്യമായി വരുന്ന വിവരം ഒരു ചെറിയ മറുപടിയായോ ഒരു മുഴുനീള ലേഖനമായോ നല്‍കാന്‍ ചാറ്റ് ജിപിടിക്ക് കഴിവുണ്ട്. ഇനിയുമേറെ മെച്ചപ്പെടാനുണ്ടെങ്കിലും ഈ സംവിധാനത്തിന് ഗൂഗിള്‍ സെര്‍ച്ച് സേവനത്തെ തകിടം മറിക്കാനുള്ള കെല്‍പ്പുണ്ടെന്ന ആശങ്ക നിസാരമല്ല. അത് ഗൂഗിളും തിരിച്ചറിയുന്നുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ കമ്പനി അതിന്റെ സ്ഥാപകരായ ലാരി പേജിന്റെയും സെര്‍ഗെ ബ്രിനിന്റേയും സഹായം തേടിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. ഗൂഗിള്‍ സെര്‍ച്ചില്‍ ചാറ്റ് ജിപിടിക്ക് സമാനമായി ഒരു ചാറ്റ് ബോട്ട് അവതരിപ്പിക്കാനുള്ള പദ്ധതി ഇരുവരും സമ്മതം മൂളിയെന്നും അതിന് വേണ്ട നിര്‍ദേശങ്ങള്‍ കമ്പനിക്ക് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികസനത്തിന് വേണ്ട നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനും നിലവിലുള്ള പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും തുടര്‍ന്നും സഹായിക്കാമെന്ന് ഇരുവരും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. 20 ല്‍ ഏറെ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ഗൂഗിളിന്റെ തന്നെ ഒരു ചാറ്റ്‌ബോട്ടും അക്കൂട്ടത്തിലുണ്ടാവും.
ചാറ്റ്‌ബോട്ടുകള്‍ വേറെയുമുണ്ട്.
യഥാര്‍ത്ഥത്തില്‍ ചാറ്റ് ജിപിടിയുടെ എതിരാളികളായി ഇതിനകം തന്നെ മറ്റ് ചില ചാറ്റ് ബോട്ടുകളും ഇതിനകം രംഗപ്രവേശം ചെയ്തുകഴിഞ്ഞിട്ടുണ്ട്. അവരെല്ലാം തന്നെ ഈ രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞിട്ടുമുണ്ട്. ബീറ്റാ പതിപ്പില്‍ അവതിരിപ്പിക്കപ്പെട്ടിട്ടുള്ള നീവ എഐ, യു.കോം തുടങ്ങിയവ അതില്‍ ചിലതാണ്.
ഗൂഗിള്‍ തുടക്കക്കാരല്ല
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് വികസിപ്പിക്കുന്നതില്‍ ഗൂഗിള്‍ തുടക്കക്കാരല്ല. ഓപ്പണ്‍ എഐയുടെ ജിപിടി-3 ചാറ്റ് ബോട്ടിന് സമാനമായി ഗൂഗിള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ചാറ്റ്‌ബോട്ട് ആണ് ലാംഡ (LaMDA (Language Model for Dialogue Applications). മനുഷ്യസമാനമായ മറുപടികള്‍ നല്‍കാന്‍ കഴിവുള്ള സാങ്കേതിക വിദ്യയാണ് ഇവ രണ്ടും.
ഗൂഗിള്‍ അസിസ്റ്റന്റ് ഇതിനകം ഗൂഗിള്‍ സെര്‍ച്ചിന്റെ ഭാഗമായി തന്നെ പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ട് ആണ്. നമ്മള്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഗൂഗിള്‍ അസിസ്റ്റന്റിന് സാധിക്കുന്നുണ്ട്. എങ്കിലും ലഭ്യമായ വിവരങ്ങള്‍ നമുക്ക് മുന്നില്‍ കാണിച്ച് തരിക മാത്രമാണ് ഗൂഗിള്‍ അസിസ്റ്റന്റ് ചെയ്ത് വരുന്നത് എന്നാല്‍ ഇന്റര്‍നെറ്റിലും അല്ലാതെയും ലഭ്യമായിട്ടുള്ള അസംഖ്യം വിവരങ്ങളില്‍ പരിശീലിപ്പിക്കപ്പെട്ട ജിപിടി-3 സാങ്കേതിക വിദ്യക്ക് പരിശീലിപ്പിക്കപ്പെട്ട വിവരങ്ങളില്‍ നിന്ന് പുതിയൊരു ഉള്ളടക്കം സൃഷ്ടിച്ചെടുക്കാനുള്ള കഴിവുണ്ട്.
ഗൂഗിള്‍ അസിസ്റ്റന്റിന് പുറമെ ഡ്യുപ്ലെക്‌സ്, മീന, തുടങ്ങിയ എഐ മോഡലുകള്‍ ഗൂഗിള്‍ നിര്‍മിച്ചിട്ടുണ്ട്. നേരത്തെ അല്ലോ എന്ന പേരില്‍ ഒരു സ്മാര്‍ട് മെസേജിങ് ആപ്പ് ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ഇത് പിന്നീട് 2019 ല്‍ പിന്‍വലിച്ചു.
ചാറ്റ് ജിപിടിയിലെ സാധ്യതയറിഞ്ഞ് മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന്റെ എക്കാലത്തേയും വലിയ എതിരാളിയാണ് ഗൂഗിള്‍. ഇന്റര്‍നെറ്റ് സെര്‍ച്ച് രംഗത്ത് ഗൂഗിളിനെ നേരിടാന്‍ മൈക്രോസോഫ്റ്റിന്റെ കയ്യിലെ വലിയ ആയുധമാണ് ചാറ്റ് ജിപിടി. സ്വതന്ത്ര സ്ഥാപനം ആണെങ്കിലും മൈക്രോസോഫ്റ്റിന് നിക്ഷേപമുള്ള ഗവേഷണ സ്ഥാപനമാണ് ഓപ്പണ്‍ എഐ. ചാറ്റ് ജിപിടിയുടെ സാധ്യത തിരിച്ചറിഞ്ഞ് ഓപ്പണ്‍ എഐയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍. 2019 ഓപ്പണ്‍ എഐയില്‍ നൂറ് കോടി നിക്ഷേപിച്ച മൈക്രോസോഫ്റ്റ് പിന്നീടുള്ള വര്‍ഷങ്ങളില്‍ അത് 200 കോടിയോളം നിക്ഷേപം നടത്തി. എന്നാല്‍ അടുത്തിടെ ചാറ്റ് ബോട്ടില്‍ 1000 കോടി നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത്. എന്തായാലും ഗൂഗിളിനും ആമസോണിനും ആപ്പിളിനും വെല്ലുവിളി ഉയര്‍ത്താന്‍ മൈക്രോസോഫ്റ്റിന് ലഭിച്ച പിടിവള്ളിയാണ് ചാറ്റ് ജിപിടി.
ചൈനീസ് സെര്‍ച്ച് എഞ്ചിനായ ബൈദുവും ചാറ്റ് ജിപിടി മാതൃകയില്‍ സ്വന്തം എഐ ചാറ്റ് ബോട്ട് നിര്‍മിക്കൊനൊരുങ്ങുകയാണ്.
Content Highlights: chatgpt impact, google announced code red, new ai chatbot project
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..