മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍. ചന്ദ്രയാന്‍ രണ്ടില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തിക്കൊണ്ടാവും ചന്ദ്രയാന്‍ 3 യാഥാര്‍ഥ്യമാക്കുക. 2020 ല്‍ ചന്ദ്രയാന്‍ 3 വിക്ഷേപിക്കുമെന്ന് അഭ്യൂമുണ്ടായിരുന്നുവെങ്കിലും അത് 2021 ലേക്ക് നീട്ടിവെക്കാനാണ് സാധ്യത. 

ചന്ദ്രയാന്‍-3 ദൗത്യത്തിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതായും അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ ബുധനാഴ്ച പറഞ്ഞു. പദ്ധതി പൂര്‍ത്തിയാവാന്‍ 14-16 മാസങ്ങളെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വന്നാല്‍ ചന്ദ്രയാന്‍ 3 വിക്ഷേപണം 2021 ലാവും. ഇതിനായി പ്രത്യേക സംഘത്തെ തയ്യാറാക്കിയിട്ടുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. 

വിക്രം ലാന്ററിനേറ്റ പരാജയം തീര്‍ക്കാന്‍

ചന്ദ്രയാന്‍-2 പദ്ധതിയുടെ പിന്‍ഗാമിയായിരിക്കും ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ 2 ലെ ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ എത്തിക്കാനായെങ്കിലും വിക്രം ലാന്റര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്റ് ചെയ്യിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. അവസാന നിമിഷങ്ങളില്‍ നിയന്ത്രണം വിട്ട ലാന്റര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നു. ഈ പിഴവ് പരിഹരിക്കാന്‍ ചന്ദ്രയാന്‍ 3 പദ്ധതിയില്‍ ലാന്ററും റോവറും മാത്രം ഉള്‍പ്പെടുത്തിയാണ് ചന്ദ്രയാന്‍ 3 വിക്ഷേപിക്കുകയെന്ന് കെ ശിവന്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ചന്ദ്രയാന്റെ മൂന്നാം പദ്ധതിയ്ക്ക് ചിലവ് കുറയും. 960 കോടി രൂപയാണ് ചന്ദ്രയാന്‍ രണ്ടിന് ചിലവായത്. എന്നാല്‍ മൂന്നാം പദ്ധതിയ്ക്ക് 600 കോടി രൂപ മതിയാവും. 

ലാന്ററിനും റോവറിനും പ്രൊപ്പല്‍ഷന്‍ യൂണിറ്റിനും വേണ്ടി 250 കോടി രൂപയാണ് വേണ്ടത്. എന്നാല്‍ വിക്ഷേപണത്തിന് മാത്രമായി 365 കോടി രൂപ വേണം. ഇതുവഴി ആകെ 615 കോടി രൂപ ചിലവാകും. 

Content Highlights: chandrayan two may launch in 2021 isro started 600 crore project