ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 ചന്ദ്രനിലിറങ്ങാനുള്ള ഇന്ത്യയുടെ അവസാന ശ്രമമായിരുന്നില്ലെന്നും അതിനായി സമീപഭാവിയില്‍ തന്നെ ഐഎസ്ആര്‍ഒ മറ്റൊരു ശ്രമം കൂടി നടത്തുമെന്നും ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മേധാവി കെ.ശിവന്‍ പറഞ്ഞു.
ശനിയാഴ്ച ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സുവര്‍ണ ജൂബിലി ബിരുദ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഐടിയില്‍ ഒരു സ്‌പേസ് ടെക്‌നോളജി സെല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ധാരണാപത്രം അദ്ദേഹം ഒപ്പുവെച്ചു.
നിങ്ങള്‍ ചന്ദ്രയാന്‍ 2 നെ പറ്റി അറിഞ്ഞിട്ടുണ്ടാവും. സോഫ്റ്റ് ലാന്‍ഡിങ് വിജയകരമാക്കാന്‍ നമുക്ക് സാധിച്ചില്ല. എന്നാല്‍ ചന്ദ്രോപരിതലത്തിന് 300 മീറ്റര്‍ അകലെ വരെ എല്ലാം സംവിധാനങ്ങളും പ്രവര്‍ത്തിച്ചിരുന്നു. കാര്യങ്ങള്‍ ശരിയാക്കാന്‍ ആവശ്യമായ അമൂല്യമായ വിവരങ്ങള്‍ ലഭ്യമാണ്. ഐഎസ്ആര്‍ഓ അതിന്റെ അനുഭവ പരിചയവും അറിവും സാങ്കേതിക വൈദഗ്ദ്യവും ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സമീപഭാവയില്‍ തന്നെ സോഫ്റ്റ് ലാന്റിങ് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ തന്നെയായിരിക്കുമോ ഇനിയുള്ള ശ്രമം എന്ന ചോദ്യത്തിന് 'തീര്‍ച്ചയായും' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചന്ദ്രയാന്‍ കഥയുടെ അവസാനമല്ല. ആദിത്യ എല്‍1 സോളാര്‍ മിഷന്‍, മനുഷ്യന്റെ ബഹിരാകാശ സഞ്ചാര പദ്ധതി എന്നിവയ്ക്കായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.വരും മാസങ്ങളില്‍ കൂടുതല്‍ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ട്.
സ്മാള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്.എസ്.എല്‍.വി) ആദ്യ വിക്ഷേപണം ഡിസംബറിലോ ജനുവരിയിലോ നടക്കും. 200 ടണ്‍ സെമി ക്രയോ എഞ്ചിന്റെ പരീക്ഷണം താമസിയാതെ തുടങ്ങും മൊബൈല്‍ ഫോണുകളിലേക്ക് നാവിക് സിഗ്നലുകള്‍ എത്തിക്കാനുള്ള പണികളും നടക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Chandrayaan-3 lSRO will attempt another moon landing in near future says K Sivan