അഹമ്മദാബാദ്: ചന്ദ്രയാന്‍-2 ഓഗസ്റ്റ് 20-ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു. സെപ്റ്റംബര്‍ ഏഴിന് പേടകത്തെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭാരതീയ ബഹിരാകാശ പദ്ധതിയുടെ പിതാവായി ആദരിക്കപ്പെടുന്ന വിക്രം സാരാഭായിയുടെ ജന്മശതാബ്ദിയാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ജൂലായ് 22-ന് വിക്ഷേപിച്ച ചന്ദ്രയാന്‍-2 ഇപ്പോള്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിനകം അഞ്ചുവട്ടം ഭ്രമണപഥം ഉയര്‍ത്തിയിട്ടുണ്ട്. 14-ന് പുലര്‍ച്ചെ 3.30-ന് പേടകം ഭൂമിയെ വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്രതുടങ്ങുമെന്ന് ശിവന്‍ പറഞ്ഞു. ഇത് വിക്ഷേപണത്തിലെ നിര്‍ണായകമായ അടുത്ത പടിയാണ്. 20-ന് അവിടെയെത്തിയശേഷം ചന്ദ്രനെ ചുറ്റുന്ന ചന്ദ്രയാന്‍ സെപ്റ്റംബര്‍ ഏഴിന് നിലത്തിറങ്ങും.

ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയടങ്ങുന്നതാണ് പേടകം. സാരാഭായിയുടെ ഓര്‍മയ്ക്കായി ലാന്‍ഡറിന് 'വിക്രം' എന്നാണ് പേരിട്ടത്. ഇതുവരെ കാര്യങ്ങളെല്ലാം നിശ്ചയിച്ചപോലെ നീങ്ങിയിട്ടുണ്ടെന്നും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ വ്യക്തമാക്കി. ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ഒരു പദ്ധതി ഡിസംബറില്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: chandrayan 2 will enter moon orbit on august 20