ചെന്നൈ:ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തി. ഇത് രണ്ടാം തവണയാണ് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരപഥം ഉയര്‍ത്തുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. 

സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനിലെത്തും വിധമാണ് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരം ക്രമീകരിച്ചിരിക്കുന്നത്. ഭൂമിയ്ക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന അകലം വര്‍ധിപ്പിക്കുകയും ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍ പേടകത്തെ എത്തിക്കുകയാണ് ചെയ്യുക. 

ഗതി നിയന്ത്രിക്കുന്നതിനായി ചന്ദ്രയാനില്‍ സ്ഥാപിച്ചിട്ടുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനം 883 സെക്കന്റ് പ്രവര്‍ത്തിപ്പിച്ച് 251 x 54829 കി.മി ഭ്രണപഥത്തിലേക്കാണ് ചന്ദ്രയാനെ എത്തിച്ചത്.

ബഹിരാകാശ വാഹനത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും മൂന്നാമത് ഭ്രമണപഥം ഉയര്‍ത്തല്‍ ജൂലായ് 29 ന് ഉച്ചയ്ക്ക് 2.30 നും 3.30 നും ഇടയില്‍ നടത്തുമെന്നും ഐഎസ്ആര്‍ഓ അറിയിച്ചു. 

ഇതിന് ശേഷം ഓഗസ്റ്റ് രണ്ടിനും ഓഗസ്റ്റ് ആറിനും ഭ്രമണപഥം ഉയര്‍ത്തല്‍ ആവര്‍ത്തിക്കും.ഓഗസ്റ്റ് 14 നാണ് ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കുക. ഓഗസ്റ്റ് 20 ന് ഇത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്നും ഐഎസ്ആര്‍ഓ പറഞ്ഞു.

Content Highlights: chandrayaan 2 second oribit raising completed successfully