ചാന്ദ്ര ഗവേഷണങ്ങള്‍ക്കായി ഐഎസ്ആര്‍ഓ വിക്ഷേപിച്ച ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണ പഥം വീണ്ടും ഉയര്‍ത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ബഹിരാകാശ പേടകത്തിലെ പ്രൊപ്പള്‍ഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ച് ചന്ദ്രയാന്‍ രണ്ടിന്റെ നാലാമത് ഭ്രമണപഥം ഉയര്‍ത്തല്‍ പൂര്‍ത്തിയാക്കിയത്. ജൂലായ് 22 ന് വിക്ഷേപിച്ച ചന്ദ്രയാന്‍ രണ്ട് പതിനേഴാം മിനിറ്റിലാണ് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്. 

ചന്ദ്രനില്‍ ഇറങ്ങി പഠനങ്ങള്‍ നടത്തുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിയാണ് ചന്ദ്രയാന്‍ രണ്ട്. ഭൂമിയില്‍ നിന്നും ഏറ്റവും കുറഞ്ഞത് 277 കിലോമീറ്ററും കൂടിയത് 89472 കിലോമീറ്ററും ദൂരെ ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ ഇപ്പോഴുള്ളത്. 

ബഹിരാകാശപേടകത്തിന്റ പ്രവര്‍ത്തനം സാധാരണ നിലയിലാണ് എന്ന് ഐഎസ്ആര്‍ഓ അറിയിച്ചു. 

ഓഗസ്റ്റ് ആറിന് ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണ പഥം വീണ്ടും ഉയര്‍ത്തും. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും ചന്ദ്രന് ചുറ്റുമുള്ള ഭ്രമണ പഥത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് പേടകം. ഓഗസ്റ്റ് 14 നാണ് ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിടുക. ശേഷം ആറ് ദിവസം നീണ്ട യാത്രയ്ക്ക് ശേഷം ഓഗസ്റ്റ് 20 ന് പേടകം ചന്ദ്രന്റെ പരിധിയിലെത്തും.

Content Highlights: chandrayaan 2 fourth orbit raising  successfull