ട്വിറ്ററിനോട് ഉടക്കി നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാരിനെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിക്കുന്ന അക്കൗണ്ടുകളും ട്വീറ്റുകളും നീക്കം ചെയ്യണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തോടുള്ള ട്വിറ്ററിന്റെ അഭിപ്രായ വ്യത്യാസങ്ങളാണ് ഇരു കൂട്ടരുടേയും ബന്ധം വഷളാക്കിയത്. 

ഇപ്പോഴിതാ ട്വിറ്ററിനെ അവഗണിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരും സര്‍ക്കാരിനെ അനുകൂലിക്കുന്നവരും. ട്വിറ്ററിന് സമാനമായ കൂ (Koo) എന്ന ഇന്ത്യന്‍നിര്‍മിത പ്ലാറ്റ്‌ഫോമില്‍ മന്ത്രിമാരും കേന്ദ്ര മന്ത്രാലയങ്ങളും ഔദ്യോഗിക അക്കൗണ്ട് തുടങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ജനങ്ങളുമായി സംവദിക്കുന്നതിന് ട്വിറ്ററിനെ അവഗണിച്ച് കൂ വിന് പ്രാധാന്യം നല്‍കുകയാണ് സര്‍ക്കാര്‍. 

പ്രധാന വിവരങ്ങള്‍, അറിയിപ്പുകള്‍, പ്രഖ്യാപനങ്ങള്‍ എന്നിവയെല്ലാം സര്‍ക്കാര്‍ ഇപ്പോള്‍ ആദ്യം പങ്കുവെക്കുന്നത് കൂവിലാണ്. ഒന്നോ രണ്ടോ മണിക്കൂര്‍ ശേഷമാണ് അവ ട്വിറ്ററില്‍ പങ്കുവെക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആപ്പ് ഇന്നൊവേഷന്‍ ചലഞ്ചിന്റെ ഭാഗമായി ബോംബിനാട്ടെ ടെക്‌നോളജീസ് ആണ് കൂ വികസിപ്പിച്ചത്. 

നിലവില്‍ ഇലക്ട്രോണിക്സ്, ഐ.ടി. മന്ത്രാലയം, മൈ ഗവ്, ഡിജിറ്റല്‍ ഇന്ത്യ, ഇന്ത്യപോസ്റ്റ്, നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണകിസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കോമണ്‍ സര്‍വീസസ് സെന്റര്‍, ഡിജി ലോക്കര്‍, നാഷണല്‍ ഇന്റര്‍നെറ്റ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് എന്നിവയ്ക്ക് കൂവില്‍ വെരിഫൈഡ് അക്കൗണ്ടുകളുണ്ട്.

Content Highlights:  Centre to Use indian made Koo for Public Communication Before Tweeting