ന്യൂഡല്‍ഹി: ഡിജിറ്റല്‍ പരസ്യ വിതരണ രംഗത്തെ മേധാവിത്വം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് ഗൂഗിളിനെതിരെ ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

കോമ്പറ്റീഷന്‍ നയമത്തിലെ സെക്ഷന്‍ 26(1) ന് കീഴില്‍ ഈ വിഷയം പരിഗണിച്ച് അന്വേഷിക്കണമെന്നും 60 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നുമാണ് ജനുവരി ഏഴിന് പുറത്തിറക്കിയ അന്വേഷണ ഉത്തരവില്‍ കമ്മീഷന്‍ ഡയറക്ടര്‍ ജനറലിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. 

പ്രഥമദൃഷ്ട്യ കോമ്പറ്റീഷന്‍ നിയമത്തിലെ സെക്ഷന്‍ 4(2) ലെ വ്യവസ്ഥകള്‍ ഗൂഗിള്‍ ലംഘിച്ചിട്ടുണ്ടെന്നാണ് കമ്മീഷന്റെ നിരീക്ഷണം. ഇത് കൂടാതെ സെക്ഷന്‍ 4(2)(ബി)(ii), സെക്ഷന്‍ 4(2)(സി) എന്നിവയുടെയും ലംഘനങ്ങള്‍ ഗൂഗിള്‍ നടത്തുന്നുവെന്നും പരാതിക്കാര്‍ ആരോപിക്കുന്നുണ്ട്. ഈ ആരോപണങ്ങള്‍ ഡിജി അന്വേഷണിക്കും. 

ആല്‍ഫബെറ്റ്, ഗൂഗിള്‍ എല്‍എല്‍സി, ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗൂഗിള്‍ അയര്‍ലണ്ട് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് ഡിഎന്‍പിഎ പരാതി നല്‍കിയിരിക്കുന്നത്.

വാര്‍ത്താ വെബ്‌സൈറ്റുകളിലേക്കുള്ള 50 ശതമാനം ട്രാഫിക്കും എത്തുന്നത് ഗൂഗിളിലൂടെയാണ്. ഈ രംഗത്തെ പ്രബലരായതിനാല്‍ തന്നെ ഗൂഗിളിന്റെ അല്‍ഗൊരിതങ്ങളാണ് ഏത് വാര്‍ത്തകള്‍ സെര്‍ച്ചില്‍ വരണം എന്ന് തീരുമാനിക്കുന്നത്. മാധ്യമ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന ഉള്ളടക്കങ്ങളാണ് പ്രേക്ഷരെ പരസ്യദാതാവിലേക്ക് എത്തിക്കുന്നത്. പക്ഷെ ഈ പ്രസാധകരേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നതാകട്ടെ സെര്‍ച്ച് എഞ്ചിനുകള്‍ക്കും(ഗൂഗിള്‍). ഡിഎന്‍പിഎ പറയുന്നു. 

ഡിജിറ്റല്‍ പരസ്യ വിതരണ രംഗത്തെ പ്രധാനിയാണ് ഗൂഗിളെന്നും പ്രസാധകര്‍ നിര്‍മിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് എത്ര പ്രതിഫലം നല്‍കണം എന്ന് ഗൂഗിള്‍ ഏകപക്ഷീയമായി തീരുമാനിക്കുകയാണെന്നും ഡിഎന്‍പിഎ ആരോപിക്കുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ ഉപയോഗിക്കുന്ന വാര്‍ത്താ ശകലങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കേണ്ടതില്ലെന്നും ഗൂഗിള്‍ തന്നെ തീരുമാനിക്കുന്നു. പരസ്യദാതാക്കള്‍ ചെലവഴിക്കുന്ന പരസ്യത്തിന്റെ 51% മാത്രമേ വെബ്സൈറ്റ് പ്രസാധകര്‍ക്ക് ലഭിക്കുന്നുള്ളൂവെന്നും ഡിഎന്‍പിഎ പറഞ്ഞു. 

സമാനമായ മറ്റൊരു പരാതിയില്‍ ആപ്പിളിനെതിരെയും കോമ്പറ്റീഷന്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്ലിക്കേഷന്‍ വിപണിയിലെ മേധാവിത്വം ആപ്പിള്‍ ചൂഷണം ചെയ്യുന്നുവെന്നും ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ഇത് കനത്ത ആഘാതമാവുന്നുവെന്നും കാണിച്ച്  'റ്റുഗതര്‍ വി ഫൈറ്റ് സൊസൈറ്റി' എന്ന ലാഭേതര സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 

Content Highlights: CCI orders probe against Google on complaint filed by digital news publishers