-
വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് ഫെയ്‌സ്ബുക്കും ഗൂഗിളും മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പുതിയ 'ഓണ്‍ലൈന്‍ വാര്‍ത്താ നിയമവുമായി' കാനഡ. ഓസ്‌ട്രേലിയ അവതരിപ്പിച്ച നിയമത്തിന് സമാനമായ നിയമമാണ് കാനഡയുടെ ഓണ്‍ലൈന്‍ ന്യൂസ് ആക്റ്റും.
ഗൂഗിളിനെതിരെ ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ (ഡിഎന്‍പിഎ) ഇന്ത്യന്‍ കോമ്പറ്റീഷന്‍ കമ്മീഷനില്‍ നല്‍കിയ കേസിന് പുതിയ നിയമം ശക്തിപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാനഡയെ കൂടാതെ ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളാണ് സമാനമായ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.
വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കും വായനക്കാര്‍ക്കും ഇടയില്‍ നില്‍ക്കുന്ന മധ്യസ്ഥരാണ് ഗൂഗിളും ഫെയ്‌സ്ബുക്കും പോലുള്ള പ്ലാറ്റ്‌ഫോമുകള്‍. എന്നാല്‍, വാര്‍ത്തകളില്‍നിന്ന് ലഭിക്കുന്ന പരസ്യ വരുമാനത്തില്‍ എത്ര പങ്ക് മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കണം എന്ന് നിശ്ചയിക്കുന്നത് ഗൂഗിളിന്റേയും, ഫെയ്‌സ്ബുക്കിന്റേയും ഇഷ്ടപ്രകാരമാണ്.
കാനഡയിലെ പുതിയ ഓണ്‍ലൈന്‍ വാര്‍ത്താ നിയമത്തിന്റെ പിന്‍ബലത്തില്‍ ഗൂഗിളും, ഫെയ്‌സ്ബുക്കും ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുമായി വിലപേശി പ്രതിഫലമുറപ്പിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. ഈ കരാറുകള്‍ ബന്ധപ്പെട്ട റെഗുലേറ്റര്‍ പരിശോധിച്ച് വിലയിരുത്തുകയും ചെയ്യും.
ഈ കരാറുകള്‍ നിയമം അനുശാസിക്കുന്ന നിബന്ധനകള്‍ പാലിക്കുന്നില്ലെങ്കില്‍, പിന്നീട് കനേഡിയന്‍ റേഡിയോ ടെലിവിഷന്‍ ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററുടെ മേല്‍നോട്ടത്തില്‍ വിലപേശല്‍ നടത്തുകയും നിര്‍ബന്ധിതമായി നിരക്ക് തീരുമാനിക്കുകയും ചെയ്യേണ്ടിവരും.
ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമം ആഗോള തലത്തില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് മാതൃകയാക്കിയാണ് ഇപ്പോള്‍ കാനഡയും നിയമം കൊണ്ടുവന്നിരിക്കുന്നത്.
ഡിജിറ്റല്‍ പരസ്യ വിതരണ മേഖലയിലുള്ള ആധിപത്യം ഗൂഗിളും ഫെയ്‌സ്ബുക്കും ചൂഷണം ചെയ്യുകയാണെന്നാരോപിച്ച് ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഡിഎന്‍പിഎ ഇന്ത്യയില്‍ പരാതി നല്‍കിയിട്ടുണ്ട്. മാതൃഭൂമി, ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ഈനാട്, മലയാള മനോരമ ഉള്‍പ്പടെയുള്ള മാധ്യമസ്ഥാപനങ്ങള്‍ ഡിഎന്‍പിഎ അംഗങ്ങളാണ്.
വാര്‍ത്താ വെബ്‌സൈറ്റുകളിലേക്കുള്ള ആകെ ട്രാഫിക്കില്‍ 50 ശതമാനവും ഗൂഗിളിലൂടെയാണ് എത്തുന്നത്. അതേസമയം, സെര്‍ച്ചിലൂടെ ആളുകള്‍ ഏത് വാര്‍ത്ത കാണണം എന്ന് തീരുമാനിക്കുന്നത് ഗൂഗിളിന്റെ അല്‍ഗൊരിതമാണ്. പരസ്യവിതരണക്കാരായ ഗൂഗിളിലേക്ക് വായനക്കാരെ എത്തിക്കുന്നതിന് പങ്കുവഹിക്കുന്നത് മാധ്യമസ്ഥാപനങ്ങള്‍ നല്‍കുന്ന വാര്‍ത്താ ഉള്ളടക്കങ്ങളാണ്. എങ്കിലും വരുമാനത്തിന്റെ മുഖ്യ പങ്കും എടുക്കുന്നത് സെര്‍ച്ച് എഞ്ചിനുകളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..