തിരുവനന്തപുരം: ഡിജിറ്റല്‍ ഉപകരണങ്ങളിലെ വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സഹായകമാകുന്ന ഉപകരണവുമായി സി-ഡാക്ക്. സി-ഡാക്കിന്റെ സൈബര്‍ സെക്യൂരിറ്റി ഗ്രൂപ്പ് കേരളഘടകമാണ് ഉപകരണങ്ങള്‍ വികസിപ്പിച്ചത്. ഡിജിറ്റല്‍ ഫൊറന്‍സിക് കിയോസ്‌കും ജലാശയങ്ങളിലെ അടിത്തട്ടിലുള്ള ദൃശ്യങ്ങള്‍ വ്യക്തതയോടെ പകര്‍ത്താനുള്ള ഡ്രോണുമാണ് സി-ഡാക്ക് വികസിപ്പിച്ചത്. മൊബൈല്‍ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിജിറ്റല്‍ ഫൊറന്‍സിക് കിയോസ്‌കിനാകും. മൊബൈല്‍ഫോണ്‍ ജി.പി.എസില്‍ ബന്ധിപ്പിച്ചില്ലെങ്കിലും ഒരാള്‍ എവിടെയൊക്കെപ്പോയി എന്നത് അയാളറിയാതെ നോക്കാനും ഇതില്‍ സംവിധാനമുണ്ട്. ഫോണിലെ വിവരങ്ങള്‍ മായ്ച്ചുകളഞ്ഞാലും എളുപ്പത്തില്‍ വീണ്ടെടുക്കാമെന്നതാണ് കിയോസ്‌കിന്റെ പ്രധാന പ്രത്യേകത. മൊബൈലിലെ സിം കിയോസ്‌കിലിട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാകും. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകള്‍ ബന്ധിപ്പിക്കാനുള്ള പോര്‍ട്ടുകളുമുണ്ട്. ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ്, ബ്ലുറേഡിസ്‌ക് എന്നിവ ബന്ധിപ്പിക്കാന്‍ അഡാപ്റ്റര്‍ സംവിധാനവും ഇതിലുണ്ട്. ഫൊറന്‍സിക് ലാബിലേക്ക് ഉപകരണങ്ങള്‍ അയച്ചുള്ള കാലതാമസം ഒഴിവാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഗുണങ്ങളിലൊന്ന്.

എന്‍.ഐ.എ., കേരള പോലീസ്, സി.ബി.ഐ., എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ കിയോസ്‌ക് സംവിധാനം ആവശ്യപ്പെട്ടിട്ടുണ്ട്.

digital forensic kiosk
ഡിജിറ്റൽ ഫോറൻസിക് കിയോസ്ക്

•കടലിലേക്ക്ഇറങ്ങാന്‍ ഡ്രോണ്‍

ജലാശയങ്ങളുടെ അടിത്തട്ടിലെ ദൃശ്യംപകര്‍ത്താനാണ് പ്രത്യേകതരം ഡ്രോണ്‍ വികസിപ്പിച്ചത്. പരമാവധി വേഗത്തില്‍ അടിത്തട്ടിലേക്കിറങ്ങാന്‍ ഡ്രോണിനാകും. സാധനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സംവിധാനവും ഇതിലുണ്ട്. മുംബൈയില്‍ നാവികസേനയുടെ ആവശ്യത്തിന് ഡ്രോണ്‍ പരീക്ഷിച്ചിരുന്നു. 4 കെ വീഡിയോദൃശ്യമാണ് ഡ്രോണില്‍നിന്ന് ലഭിക്കുന്നത്. 20 കിലോയാണ് തൂക്കം.

നാലുമുതല്‍ ആറുമണിക്കൂര്‍വരെയുള്ള ദൃശ്യങ്ങള്‍ ഇതില്‍ സൂക്ഷിക്കാന്‍ കഴിയും. സി.ബി.ഐ., എന്‍.എസ്.ജി, കെ.എസ്.ഇ.ബി., അഗ്‌നിരക്ഷാസേന, കേരള പോലീസ് എന്നിവര്‍ ഡ്രോണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫൊറന്‍സിക് കിയോസ്‌ക് വികസിപ്പിക്കാന്‍ രണ്ടുവര്‍ഷവും ഡ്രോണിന് നാലുവര്‍ഷവും സമയമെടുത്തു. ശനിയാഴ്ച സി-ഡാക്കിന്റെ ടെക്നോപാര്‍ക്ക് ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉപകരണങ്ങള്‍ പുറത്തിറക്കും.

ഒറ്റനോട്ടത്തില്‍ ഇ-രേഖകള്‍ പിടിച്ചെടുക്കും, കടലിന്റെ അടിത്തട്ടിലെത്താന്‍ ഡ്രോണും

Content Highlights: C Dac, Centre for Development of Advanced Computing, under water drone, investigation agencies