ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന് ഇന്ത്യയില്‍ ടിക് ടോക്കിന്റെ കൈവശമുണ്ടായിരുന്ന സ്വത്തുക്കള്‍ എതിരാളിയായിരുന്ന ഗ്ലാന്‍സിന് വില്‍ക്കാന്‍ പദ്ധതി. ജപ്പാന്റെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോര്‍പ്പ് തുടങ്ങിവെച്ച ചര്‍ച്ചകള്‍ തീര്‍ത്തും രഹസ്യമായാണ് നടക്കുന്നത്. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗ്ലാന്‍സിന്റെ മാതൃസ്ഥാപനമായ മൊബൈല്‍ പരസ്യ സാങ്കേതിക വിദ്യാ സ്ഥാപനമായ ഇന്‍ മൊബിയുടെ ഉടമസ്ഥതയിലുള്ള ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനാണ് റോപോസോ. ടിക് ടോക്കിന് ഇന്ത്യയില്‍ നിരോധനമേല്‍ക്കുന്നതിന് മുമ്പ് തന്നെ ഈ രംഗത്ത് ടിക് ടോക്കിന്റെ എതിരാളികളിലൊന്നായിരുന്നു  റോപോസോ. 

ഇന്‍മൊബിയിലും ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സിലും സോഫ്റ്റ് ബാങ്കിന് നിക്ഷേപമുണ്ട്. എന്തായാലും ടിക് ടോക്കിന്റെ സ്വത്തുക്കള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഈ മൂന്ന് സ്ഥാപനങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ടിക് ടോക്കിനെ രാജ്യത്ത് നിരോധിച്ചുകൊണ്ടുള്ള തീരുമാനം കഴിഞ്ഞമാസമാണ് ഇന്ത്യ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിയിലെ 2000-ല്‍ അധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.

Content Highlights: ByteDance plans to sell indian TikTok assets to rival firm Glance