ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഫയല്‍ ഷെയറിങ് ആപ്ലിക്കേഷനായ ഷെയറിറ്റില്‍ ഉപഭോക്താക്കളെ ഹാക്കിങ് ഭീഷണിയിലാക്കും വിധം നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തല്‍. 

ഹാക്കര്‍ക്ക് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താനും സ്മാര്‍ട്‌ഫോണുകളില്‍ അപകടകരമായ കോഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വരെ ഈ സാങ്കേതിക പ്രശ്‌നം വഴി വെച്ചേക്കും. ആന്‍ഡ്രോയിഡ് പാക്കേജ് ഫയലുകള്‍ ഉള്‍പ്പടെ വിവിധ ഫയലുകള്‍ ഈ ആപ്പ് വഴി പങ്കുവെക്കാനാവുമെന്നതും ഭീഷണി വര്‍ധിപ്പിക്കുന്നു.

ഇന്ത്യയില്‍ നിരോധനമുള്ള ആപ്ലിക്കേഷനാണ് ഷെയറിറ്റ്. എങ്കിലും നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളില്‍ ഇത് ഇപ്പോഴും ഉപയോഗിക്കാന്‍ സാധിക്കും. നിരോധനമുള്ളതിനാല്‍ ഇന്ത്യയിലെ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് നീക്കം ചെയ്തിട്ടുണ്ട്. അതിനാല്‍ ആപ്പിന്റെ സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിക്കില്ല. 

സൈബര്‍ സുരക്ഷാ സ്ഥാപനമായ ട്രെന്‍ഡ് മാക്രോ ആണ് ഈ പ്രശ്‌നം കണ്ടെത്തിയത്. ഈ വിവരം ഷെയറിറ്റിനെ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ ടിക് ടോക്കിനൊപ്പം നിരോധിക്കപ്പെട്ട 59 ചൈനീസ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഷെയര്‍ഇറ്റ്.