ഭാരത് ഫൈബര്‍, ഡിജിറ്റല്‍ സബ്‌സ്‌ക്രൈബര്‍ ലൈന്‍ ഉപഭോക്താക്കള്‍ക്കായി നാല് മാസത്തെ സൗജന്യ ബ്രോഡ്ബാന്‍ഡ് സേവനം വാഗ്ദാനം ചെയ്ത്  ബിഎസ്എന്‍എല്‍. ലാന്റ് ലൈന്‍, ബ്രോഡ്ബാന്‍ഡ് ഓവര്‍ വൈഫൈ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കും. 

36 മാസത്തെ തുക ഒന്നിച്ച് അടയ്ക്കുന്നവര്‍ക്കാണ് നാല് മാസത്തെ സൗജന്യ സേവനം അധികമായി ലഭിക്കുക. ഇതുവഴി 40 മാസത്തെ സേവനം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 

കൂടാതെ, 24 മാസത്തെ വരിസംഖ്യ ഒന്നിച്ചടയ്ക്കുന്നവര്‍ക്ക് മൂന്ന് മാസത്തെ സൗജന്യ സേവനവും 12 മാസത്തെ ഒന്നിച്ചടയ്ക്കുന്നവര്‍ക്ക് ഒരുമാസത്തെ സൗജന്യ സേവനവും അധികമായി ലഭിക്കും. 

ഈ ഓഫര്‍ നേരത്തെ മഹാരാഷ്ട്രയില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാജ്യവ്യാപകമായി ഇത് ലഭ്യമാവുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 

എങ്ങനെ ഈ ഓഫര്‍ ഉപയോഗിക്കാം?

സൗജന്യ പ്രതിമാസ സേവനം ആഗ്രഹിക്കുന്നവര്‍ 1800003451500 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ അടുത്തുള്ള കസ്റ്റമര്‍ കെയര്‍ സെന്ററിനെ സമീപിച്ചോ പണം മുന്‍കൂട്ടി അടച്ചാല്‍ മതി. 

നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ സര്‍ക്കിള്‍ ഒഴികെ രാജ്യവ്യപകമായി ഒരേ വരിസംഖ്യാ നിരക്കാണ് ബിഎസ്എന്‍എല്‍ ഈടാക്കുന്നത്. 449 രൂപ മുതല്‍ 1499 രൂപവരെയുള്ള ഭാരത് ഫൈബര്‍ പ്ലാനുകളാണുള്ളത്. അതേസമയം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ പ്രീമിയം പ്ലാന്‍ ബിഎസ്എന്‍എല്‍ പിന്‍വലിച്ചു.