നെടുങ്കണ്ടം: ബി.എസ്.എന്‍.എല്ലിന്റെ രാജ്യത്തെ ആദ്യത്തെ ഫോര്‍ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഉച്ചക്ക് 12 മുതല്‍ ഉടുമ്പന്‍ചോല മേഖലയില്‍ തുടങ്ങി. ഉടുമ്പന്‍ചോല, ഉടുമ്പന്‍ചോല ടൗണ്‍, കല്ലുപാലം, ചെമ്മണ്ണാര്‍, സേനാപതി എന്നീ ടവറുകളിലാണ് ആദ്യഘട്ടത്തില്‍ ഫോര്‍ ജി സൗകര്യം. ഉടുമ്പന്‍ചോല താലൂക്കില്‍ ത്രീ ജി സേവനം പോലും ലഭ്യമല്ലാതിരുന്ന ടവറുകളിലായിരുന്നു ഇവ. എല്ലാ ഉപഭോക്താക്കള്‍ക്കും പ്രയോജനം ലഭിച്ചു തുടങ്ങിയിട്ടില്ല. ഫോര്‍ ജി സിം കാര്‍ഡുകള്‍ ലഭിക്കാത്തതാണ് കാരണം. സിം കാര്‍ഡുകള്‍ ഉടന്‍ നല്‍കിത്തുടങ്ങുമെന്നാണ് ബി.എസ്.എന്‍.എല്‍ നെടുങ്കണ്ടം ഓഫീസ് അധികൃതര്‍ നല്‍കുന്ന സൂചന.

നിലവിലുള്ള ടു ജി സേവനം തുടരും. ഈ ടവറുകളില്‍ ഫോര്‍ ജി സംപ്രേക്ഷണം സാധ്യമാക്കാന്‍ പുതിയ ആന്റിനകളും ബേസ് സ്റ്റേഷന്‍ ട്രാന്‍സ്മിറ്റര്‍ എന്ന സംവിധാനവും ഘടിപ്പിച്ചു. ബി.എസ്.എന്‍.എല്ലിന്റെ ട്രാന്‍സ്മിഷന്‍ ടെക്നിക്കല്‍ വിഭാഗം കഴിഞ്ഞ മാസം അവസാനം തന്നെ ഇതിന്റെ ജോലികള്‍ പൂര്‍ത്തീകരിച്ചിരുന്നു.

ബി.എസ്.എന്‍.എല്ലിന് രാജ്യവ്യാപകമായി സേവനം ആരംഭിക്കുന്നതിന് പുതിയ സ്പെക്ട്രം ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ വേണ്ടിവരും. ഇതിനായി സമര്‍പ്പിച്ച പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. വരുന്ന സാമ്പത്തിക വര്‍ഷം സംസ്ഥാനത്തുടനീളം 2,200 സ്ഥലങ്ങളില്‍ ഫോര്‍ജി ഏര്‍പ്പെടുത്തും. അതിന്റെ ആദ്യഘട്ടം 2018 ഡിസംബറിനു മുന്‍പ് പൂര്‍ത്തിയാക്കാന്‍ ബി.എസ്.എന്‍.എല്‍ ശ്രമം ഊര്‍ജിതമാക്കി. ഗ്രാമങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നതിനായി ബി.എസ.്എന്‍.എല്‍ ടെന്‍ഡര്‍ നടപടി തുടങ്ങി. നിലവില്‍ 19,98,232 ലാന്‍ഡ് ലൈന്‍ കണക്ഷനുകളും 6,81,013 ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും ഒരു കോടിയോളം മൊബൈല്‍ കണക്ഷനുകളാണ് ബി.എസ്.എന്‍.എല്ലിന് സംസ്ഥാനത്തുള്ളത്.