സംഘര്‍ഷങ്ങള്‍, കലാപങ്ങള്‍, പ്രക്ഷോഭങ്ങള്‍ തുടങ്ങിയ കലുഷിത സാഹചര്യങ്ങളില്‍ അധികാരികള്‍ രാജ്യത്തെ ആശയവിനിമയ സംവിധാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതും അവയില്‍ നിരീക്ഷണം ശക്തമാക്കുന്നതുമെല്ലാം പതിവാണ്. സംഘര്‍ഷഭരിത സാഹചര്യങ്ങളുള്ള പ്രദേശങ്ങളില്‍ സിഗ്നല്‍, ടെലഗ്രാം പോലുള്ള മെസേജിങ് ആപ്പുകളേയും ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെ മറികടക്കുന്ന വിപിഎന്‍ ആപ്പുകളെയും ജനങ്ങള്‍ ആശ്രയിക്കുന്നത് സമീപകാലത്ത് പലപ്പോഴും കണ്ടിട്ടുണ്ട്. 

സമാനമായി, മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറിയുണ്ടായ സാഹചര്യത്തില്‍ വലിയ ജനപ്രീതി നേടുകയാണ് ബ്രിഡ്ജ്‌ഫൈ എന്ന ഓഫ്‌ലൈന്‍ മെസേജിങ് ആപ്പ്. രണ്ട് ദിവസത്തിനുള്ളിൽ പത്ത് ലക്ഷം പേരാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്തത്. ആന്‍ഡ്രോയിഡിലും ഐഓഎസിലും ഈ ആപ്പ് ഉപയോഗിക്കാനാവും. 

എന്താണ് ബ്രിഡ്ജ്‌ഫൈ ?

കണക്റ്റിങ് ദി അണ്‍കണക്റ്റഡ് എന്ന ടാഗ് ലൈനില്‍ പറയുന്നപോലെ ആശയവിനിമയ ശൃംഖല വിച്ഛേദിക്കപ്പെട്ടവരെ ബന്ധിപ്പിക്കുന്നതിനാണ് ബ്രിഡ്ജ്‌ഫൈ നിലകൊള്ളുന്നത്. ഈ ആപ്പിന് പ്രവര്‍ത്തിക്കാന്‍ ഡാറ്റാ നെറ്റ് വര്‍ക്കോ എസ്എംഎസഓ ആവശ്യമില്ല. 

മെഷ് നെറ്റ്വര്‍ക്ക് ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. അതായത് ഫോണിലെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉപയോഗിച്ചാണ് ഇതിലെ വിവരകൈമാറ്റം സാധ്യമാകുന്നത്. അതായത് ബ്രിഡ്ജ്‌ഫൈ ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ ഫോണിനെ ബ്ലൂടൂത്ത് വഴി പരസ്പരം ബന്ധിപ്പിച്ചാണ് ഈ വിവരകൈമാറ്റം. 330 അടി ദൂരപരിധിയ്ക്കുള്ളിലാണ് ഇതുവഴിയുള്ള ആശയവിനിമയം സാധ്യമാവുക. ഈ ദൂരപരിധിയ്ക്കുള്ളില്‍ ബ്രിഡ്ജ് ഫൈ ഉപയോക്താക്കളുടെ എണ്ണം എത്ര കൂടുന്നോ സന്ദേശ കൈമാറ്റത്തിന്റെ വേഗവും കൂടും.

ഇതുവഴി ഒരാളുടെ ലൈവ് ലൊക്കേഷന്‍ പങ്കുവെക്കാനും സാധിക്കും. പരിസരത്തുള്ള ബ്രിഡ്ജ് ഫൈ ഉപയോക്താക്കള്‍ക്കെല്ലാം സന്ദേശമെത്തിക്കാനുള്ള ബ്രോഡ്കാസ്റ്റ് സൗകര്യവും ഇതിലുണ്ട്. 

BRIDGEFY APPഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട പ്രദേശങ്ങളില്‍ ആളുകള്‍ക്ക് പരസ്പര വിവരകൈമാറ്റം സാധ്യമാക്കുകയാണ് ബ്രിഡ്ജ്‌ഫൈ ചെയ്യുന്നത്. എന്നാല്‍ ബ്ലൂടൂത്ത് പരിധിയ്ക്കുള്ളില്‍ ബ്രിഡ്ജ്‌ഫൈ ഉപയോക്താക്കള്‍ ആരുമില്ലെങ്കില്‍ ഈ ആപ്പ് ഉപയോഗിച്ചിട്ട് കാര്യമില്ല. 

മ്യാന്‍മാറില്‍ ഭരണ കക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാവ് ആങ് സാന്‍ സ്യൂചിയും പ്രസിഡന്റ് വിന്‍ മിന്റും ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെ തടവിലാക്കി നിയന്ത്രണം പിടിച്ചെടുത്തിരിക്കുകയാണ് സൈനിക നേതൃത്വം. രാജ്യത്ത് ഒരു വര്‍ഷത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. 

bridge fyഇതിന്റെ ഭാഗമായി രാജ്യത്ത് ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും പലയിടങ്ങളിലും ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബ്രിഡ്ജ്‌ഫൈ ആപ്പിന് മ്യാന്‍മറില്‍ ഉപഭോക്താക്കള്‍ കൂടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Bridgefy the offline messaging app gain popularity in Myanmar