ചെന്നൈ:  ബ്രഹ്മോസ് മിസൈലിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ പുതുക്കുടിയിരിപ്പ് കടല്‍ തീരത്ത് കണ്ടെത്തി. ക്യൂ ബ്രാഞ്ച് പോലീസാണ് മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീരത്ത് കണ്ട മിസൈലിന്റെ ഭാഗം ബുധനാഴ്ച കരയ്‌ക്കെത്തിച്ചത്. 

വിക്ഷേപണ സമയത്ത് കടലില്‍ വീണ മിസൈലിന്റെ ഭാഗമാവാം ഇതെന്ന്  കരുതുന്നു. പുറത്ത് ബ്രഹ്മോസ് മിസൈലിന്റെ ചിഹ്നം പതിച്ചിരുന്നതിനാലാണ് ഇത് മിസൈല്‍ ഭാഗമാണെന്ന് തിരിച്ചറിഞ്ഞത്. 12 അടി നീളവും 800 കിലോഗ്രാം ഭാരവും ഇതിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

യുദ്ധക്കപ്പലുകളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന 'സര്‍ഫസ് റ്റു ഷിപ്പ്' ബ്രഹ്മോസ് മിസൈലിന്റെ ലിക്വിഡ് പ്രൊപ്പലന്റ് എഞ്ചിനാണ് ഇത് എന്ന് സംശയിക്കുന്നു. ഒഡീഷ തീരത്തുനിന്നുള്ള വിക്ഷേപണത്തിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ വീണതായിരിക്കാം ഇത്. മിസൈല്‍ നിര്‍മിച്ച തിയ്യതി ഒക്ടോബര്‍ 14 2016 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും  സ്ഥലത്തെത്തുകയും പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. മിസൈല്‍ ഭാഗത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഇല്ലെന്ന് പോലീസ് സൂപ്രണ്ട് ഓംപ്രകാശ് മീന പറഞ്ഞു.

സംഭവം ഐഎസ്ആർഓയെ അറിയിച്ചിട്ടുണ്ട്. മിസൈലിന്റെ ഭാഗങ്ങള്‍ ഇപ്പോള്‍ തീരദേശ പോലീസിന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Content Highlights: brahmos engine found washed ashore retrieved