വാട്‌സാപ്പിന് മുമ്പ് ഏറെ ജനപ്രീതിയുണ്ടായിരുന്ന ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ ബ്ലാക്ക്‌ബെറി മെസഞ്ചര്‍ അഥവാ ബിബിഎം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 2016 ല്‍ ബിബിഎമ്മിന്റെ ലൈസന്‍സ് ബ്ലാക്ക്‌ബെറി എംടെകിന് കൈമാറിയിരുന്നു. ബിബിഎമ്മിന്റെ ഉപഭോക്തൃ സേവനങ്ങള്‍ നിര്‍ത്തലാക്കുന്ന കാര്യം എംടെക് സ്ഥിരീകരിച്ചു. മേയ് 31 മുതലാണ് ബിബിഎം പ്രവര്‍ത്തനം നിര്‍ത്തുന്നത്. 

അതേസമയം ബിബിഎമ്മിന്റെ എന്റര്‍പ്രൈസ് പതിപ്പ് ഇനിമുതല്‍ ലഭ്യമാവും. വ്യക്തികള്‍ക്ക് ഇത് ഉപയോഗിക്കാം. ആറ് മാസത്തേക്ക് 2.46 ഡോളറാണ് ഇത് ഉപയോഗിക്കാനുള്ള ചിലവ്. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ബിബിഎം എന്റര്‍പ്രൈസ് ആപ്പ് ലഭിക്കും.

ഒരു കാലത്ത് ലോകത്ത് മുന്നിട്ടുനിന്നിരുന്ന മെസേജിങ് സേവനമായിരുന്നു ബിബിഎം. 2005 ലാണ് ഇത് പുറത്തിറക്കിയത്. തുടക്കത്തില്‍ ഇത് ബ്ലാക്ക്‌ബെറി ഉപകരണങ്ങളില്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളു. ബ്ലാക്ക്‌ബെറി ഫോണുകള്‍ക്ക് അക്കാലത്ത് പ്രത്യേകം ആരാധകരുണ്ടായിരുന്നു.

എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ അതിവേഗം വളര്‍ന്നുവന്നു. വാട്‌സാപ്പ്  ഉള്‍പ്പടെയുള്ള മെസേജിങ് സേവനങ്ങള്‍ ഇതോടൊപ്പം ജനപ്രീതിയാര്‍ജിച്ചു. ബ്ലാക്ക്‌ബെറിയ്ക്കും ബിബിഎമ്മിനും ഉപയോക്താക്കളെ നഷ്ടപ്പെടാന്‍ തുടങ്ങി. ഇതോടെ 2013ല്‍ ബ്ലാക്ക്‌ബെറി ബിബിഎമ്മിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് പുറത്തിറക്കി. എന്നാല്‍ അതിന് പിടിച്ച് നില്‍ക്കാനായില്ല.

ബിബിഎം എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്ന് ബ്ലാക്ക്‌ബെറി പറഞ്ഞു. എംടെക്കിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും ബിബിഎമ്മിന് പ്രതീക്ഷിച്ചപോലെ വളരാനായില്ലെന്നതില്‍ വിഷമമുണ്ടെന്നും ബ്ലാക്ക്‌ബെറി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

മേയ് 31 ന് മുമ്പ് ബിബിഎമ്മില്‍ പങ്കുവെച്ച ചിത്രങ്ങളും, വീഡിയോകളും ഫയലുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. ബിബിഎം പ്രവര്‍ത്തനരഹിതമായാല്‍ ആര്‍ക്കും അത് തുറക്കാനാവില്ല. 

Content Highlights: BlackBerry Messenger BBM is shutting down on May 31