റിപ്പബ്ലിക്ക് ദിനത്തിലെ കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ട ട്വീറ്റുകളും ട്വിറ്റര്‍ അക്കൗണ്ടുകളും നീക്കം ചെയ്യണം എന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ഭാഗികമായി മാത്രം പരിഗണിച്ച ട്വിറ്ററിനെതിരെ ബി.ജെ.പി. നേതാക്കളുടെ രൂക്ഷവിമര്‍ശനം. നിയമത്തിനു മേലെയാണ് തങ്ങളെന്ന ഭാവമാണ് ട്വിറ്ററിനെന്നും ഈ രാജ്യം ഭരിക്കുന്നത് ഭരണഘടന അടിസ്ഥാനമാക്കിയാണെന്നും അല്ലാതെ കോര്‍പ്പറേറ്റ് ചട്ടങ്ങളെയല്ല എന്നും അവര്‍ പ്രതികരിച്ചു. 

അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നീക്കം ഇന്ത്യന്‍ നിയമവുമായി പൊരുത്തപ്പെടുന്നതല്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമസ്ഥാപനങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെനന്നും ചൂണ്ടിക്കാട്ടി ഇന്ന് ട്വിറ്റര്‍ പങ്കുവെച്ച ബ്ലോഗ് പോസ്റ്റാണ് കേന്ദ്ര ഭരണകൂടത്തെയും ബി.ജെ.പി. നേതാക്കളേയും ചൊടിപ്പിച്ചത്. 

ഏത് നിയമം പിന്തുടരണമെന്നും ഏത് വേണ്ട എന്നും ട്വിറ്റര്‍ സ്വയം തീരുമാനിക്കുകയാണ് എന്നും ബെംഗളുരുവില്‍ നിന്നുള്ള ബി.ജെ.പി. നേതാവ്‌ തേജസ്വി സൂര്യ പറഞ്ഞു. ഐടി മന്ത്രാലയത്തോട് കര്‍ശന നടപടിയെടുക്കാനും അദ്ദേഹം ആവശ്യപ്പെടുന്നു.

ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷും ട്വിറ്റര്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് ട്വീറ്റ് ചെയ്തു. രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ചാണ് നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് നിങ്ങള്‍ക്ക് നിങ്ങളുടേതായ നിയമം പാടില്ലെന്നും ഈ രാജ്യം ഭരിക്കുന്നത് ഭരണ ഘടന അടിസ്ഥാനമാക്കിയാണെന്നും കോര്‍പ്പറേറ്റ് നിയമങ്ങളനുസരിച്ചല്ല എന്നും അദ്ദേഹം പറഞ്ഞു. 

അഭിപ്രായ സ്വാതന്ത്ര്യം പരിഗണിച്ച് ഒരു വിഭാഗം അക്കൗണ്ടുകള്‍ വിലക്കേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതിനോടൊപ്പം സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ പെട്ടചില അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ മാത്രമാണ് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തിയത്.

Content Highlights: bjp leaders against twitters stand on account block order